Sat. Jan 18th, 2025
മധ്യപ്രദേശ്:

മഴ പെയ്യുന്നതിനു വേണ്ടി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഭോപ്പാലിലാണ് ഒന്നരമാസം മുമ്പ് തവളകളെ കല്യാണം കഴിപ്പിച്ചത്. കടുത്ത വേനലില്‍ നാട് വരണ്ടുണങ്ങിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഭോപ്പാല്‍ ഇന്ദ്രാപുരിയിലെ ഓം ശിവ സേവാ ശക്തി മണ്ഡല്‍ എന്ന സംഘടനയാണ് ജൂലായ് 19ന് തവളകളെ കല്യാണം കഴിപ്പിച്ചത്.

അന്ധവിശ്വാസമാണെന്ന് പലരും പറഞ്ഞെങ്കിലും വൈകാതെ മഴയെത്തി. ദൈവങ്ങളുടെ പ്രീതി അല്പം കൂടിപ്പോയതിനാല്‍ തോരാത്ത പേമാരിയും വെള്ളപ്പൊക്കവുമായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍. മധ്യപ്രദേശിലെ പല സ്ഥലങ്ങളും വെള്ളത്തിനിടിയിലായി. തവളകളുടെ കല്യാണം നടത്തിയതു കൊണ്ടാണ് മഴ പെയ്തത് എന്ന് വിശ്വസിച്ചവര്‍ക്ക് എങ്ങനെയെങ്കിലും മഴയും വെള്ളപ്പൊക്കവും മാറിക്കിട്ടിയാല്‍ മതിയെന്നായി.

ഇതിനായി അവര്‍കണ്ടെത്തിയ ഒരേയൊരു മാര്‍ഗം തങ്ങള്‍ വിവാഹം കഴിപ്പിച്ച തവളകളുടെ വിവാഹ മോചനമാണ്. തവളകള്‍ കല്യാണം കഴിച്ചപ്പോഴാണല്ലോ മഴ പെയ്തത്. അങ്ങനെയെങ്കില്‍ ബന്ധം പിരിയുമ്പാള്‍ മഴ കുറയുമെന്നും ഭോപ്പാലുകാര്‍ കണക്കു കൂട്ടി. ഇതോടെ തവളകളെ കല്യാണം കഴിപ്പിച്ചവര്‍ തന്നെ പ്രതീകാത്മകമായി തവളകളുടെ വിവാഹ മോചനവും നടത്തുകയായിരുന്നു. ശിവ സേവാ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം തവളകളുടെ വിവാഹ മോചനം നടത്തിയത്.

മധ്യപ്രദേശിലാകെ പെയ്ത മഴ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. 9000 വീടുകള്‍ ഭാഗികമായും ഇരുനൂറിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനെ തുടര്‍ന്നായിരുന്നു തവള ദമ്പതികളുടെ വിവാഹ മോചനം. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചവര്‍ തന്നെ അവസാനം തവളകളെ കെട്ടഴിച്ചു വിട്ട് സ്വതന്ത്രരാക്കുകയായിരുന്നു.

സാധാരണയായി ലഭിക്കാറുള്ളതിനേക്കാള്‍ 20 ശതമാനം അധികം മഴയാണ് ബുധനാഴ്ച മാത്രം മധ്യപ്രദേശില്‍ ലഭിച്ചത്. എന്തായാലും തവളകള്‍ ഡിവോഴ്‌സ് ആയതോടെ ഇനിയുള്ള ദിവസങ്ങളിലെങ്കിലും മഴ കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *