ന്യൂഡല്‍ഹി:
മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ കേസിലെ സുപ്രീം കോടതിയുടെ സമീപനത്തിനും ഉത്തരവിട്ട വിധിക്കുമെതിരെ വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. പിന്നെ എന്തുകൊണ്ടാണ് മരടിന് സമാനമായ ഡി.എല്‍.എഫ്. ഫ്‌ളാറ്റ് കേസ്, മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസ് മുതലായവയിൽ സുപ്രീം കോടതി വിധി മറ്റൊരുതരത്തിലായിരുന്നു വെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വിമർശിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ്. ഫ്‌ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസിലും ഇത്തരം ഉത്തരവിടാതെ, എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്ന് ജയറാം രമേശ് ചോദിക്കുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ആരോപിക്കപ്പെട്ട ഡി.എല്‍.എഫ്. കേസില്‍ പിഴ ചുമത്തിയതിലൂടെ പരിഹാരം കാണുകയും, ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാൽ, എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്- ജയറാം രമേശ് ട്വിറ്ററില്‍ രേഖപ്പെടുത്തി.
വരുന്ന സെപ്റ്റംബര്‍ 20-നകം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്നാണ് നിലവിലെ, സുപ്രീംകോടതി ഉത്തരവ്. ഇത് സംബന്ധിച്ചു ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു പോകാനാവില്ലെന്നും ഇറക്കിവിട്ടാല്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് ഫ്‌ളാറ്റ് ഉടമകൾ പറയുന്നത്.