ന്യൂഡല്‍ഹി:
വിമാനം പറപ്പിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഗോത്ര വിഭാഗത്തിലെ ആദ്യ വനിത പൈലറ്റായ അനുപ്രിയ മധുമിത ലക്ര. ഇരുപത്തിയേഴ്കാരിയായ അനുപ്രിയ ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിനിയാണ്. തന്റെ ജീതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നതെന്നാണ് അനുപ്രിയ പറയുന്നത്.
“കുടുംബത്തിന്റെ മാത്രമല്ല ഒഡീഷ മുഴുവന്റെയും അഭിമാനമാണിപ്പോൾ അവൾ,” മല്‍കാന്‍ഗിരി ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിളായ അച്ഛന്‍ മരിന്യാസ് ലക്ര പറഞ്ഞു. ജിമാജ് യശ്മിന്‍ ലക്രയാണ് അനുപ്രിയയുടെ അമ്മ.
“വലിയ സ്വപ്നങ്ങളുണ്ടായിരുന്ന അവൾ, താൻ വളര്‍ന്ന ചുറ്റുപാടുകള്‍ മോശമായിരുന്നെങ്കിലും ആഗ്രഹങ്ങളെ വിട്ടുകളയാതെ പിടിച്ചു നിന്നു. അവള്‍ സ്വപ്നം കണ്ടിടത്തു തന്നെ ഇപ്പോൾ എത്തിയിരിക്കുകയാണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ മകള്‍ പ്രചോദനമാകട്ടെ. മാതാപിതാക്കൾ അവരുടെ പെണ്‍കുട്ടികള്‍ക്കും പിന്തുണ നല്‍കണം,” അനുപ്രിയയുടെ അമ്മ പറഞ്ഞു.
അനുപ്രിയയെ പൈലറ്റ് പരിശീലനത്തിനയയ്ക്കാൻ വേണ്ട പണം കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. വായ്പയെടുത്തും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയുമൊക്കെയാണ് അവളെ പഠിപ്പിച്ചത്. കാരണം, അവള്‍ ആഗ്രഹിച്ച മേഖലയില്‍ തന്നെ എത്തിച്ചേരണമെന്ന് ഞങ്ങൾ മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു അച്ഛന്‍ മരിന്യാസ് ലക്ര പറയുന്നു.
അനുപ്രിയയ്ക്ക് അഭിന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പത്രസമ്മേളനം നടത്തി. ഈ ധീര പെൺകൊടിയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഒഡീഷ ആദിവാസി കല്യാണ്‍ മഹാസംഘ് പ്രസിഡന്റ് നിരഞ്ജന്‍ ബി.സി. പറഞ്ഞു.