ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ:
വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ട്വന്റി-20, ഏകദിന നായകനായി കീറോണ്‍ പൊള്ളാര്‍ടിനെ പ്രഖ്യാപിച്ചു. ഇന്നലെ, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളിൽ കരീബിയൻ ടീമിനെ ഇനി പോളാർഡ് നയിക്കുമെന്ന പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. അവസാന മത്സരങ്ങളിൽ ഇന്ത്യൻ ടീമിനോട് ദയനീയമായി തോറ്റ പശ്ചാത്തലത്തിലാണ് ടീമിലെ പുതിയ അഴിച്ചു പണികളെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, ടെസ്റ്റ് ടീമിനെ നിലവിലെ ക്യാപ്റ്റൻ ജേസൺ ഹോൾഡർ തന്നെ നയിക്കും.
മുൻപ്, ഏകദിനത്തില്‍ ഹോള്‍ഡറും ട്വന്റി-20 മത്സരങ്ങളില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമായിരുന്നു വെസ്റ്റിൻഡീസിനെ നയിച്ചിരുന്നത്.
ചുങ്ങിയ ഓവര്‍ മത്സരങ്ങളില്‍ വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ നായക പദവിയിലേക്ക് കീറോണ്‍ പൊള്ളാര്‍ഡ് കടന്നുവരേണ്ട ശരിയായ സമയം ഇതാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് റിക്കി സ്‌ക്യുറിറ്റ് പറഞ്ഞു. 2016 -ലായിരുന്നു പൊള്ളാര്‍ഡ് ഏറ്റവും അവസാനമായി ഏകദിന മത്സരത്തില്‍ കളിച്ചത്. 2019 ലോകകപ്പ് ടീമിലുണ്ടായിരുന്ന പൊള്ളാർഡ് പക്ഷെ, റിസര്‍വ് നിരയിലായിരുന്നതിനാൽ കളിച്ചിരുന്നില്ല. ഒടുവിൽ, ഇന്ത്യയ്‌ക്കെതിരായി ട്വന്റി-20 പരമ്പരയിലാണ് വിന്‍ഡീഡ് ക്രിക്കറ്റ് ബോര്‍ഡ് പൊള്ളാര്‍ഡിന് കളിക്കാന്‍ ഒരവസരം നല്‍കിയത് തന്നെ.
അഫ്ഗാനിസ്താനെതിരെ നവംബറില്‍ നടക്കുന്ന മത്സരത്തിലായിരിക്കും വിൻഡീസ് ക്യാപ്റ്റനായി പൊള്ളാര്‍ഡ് ഗ്രൗണ്ടിലേക്കെത്തുക. നിലവില്‍ ഐ.സി.സി.യുടെ ഏകദിന, ട്വന്റി-20 പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുമാണ് വെസ്റ്റ് ഇന്‍ഡീസ്.