ന്യൂഡല്‍ഹി:
ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹല റാഷിദിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം ഡല്‍ഹി പാട്യാല ഹൌസ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നു ചൂണ്ടിക്കാട്ടി അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പവന്‍ കുമാര്‍ ജെയിനാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഷെഹലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റു കൂടിയാണ് ഷെഹല.
ഷെഹല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസാണ് കേസെടുത്തത്. കാശ്മീരിന് സ്വതന്ത്രാവകാശം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ കാശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
ഇന്ത്യന്‍ സൈന്യം കാശ്മീരികളെ പീഡിപ്പിന്നു എന്നും വീടുകള്‍ കയറി അതിക്രമം നടത്തുകയാണെന്നും ഷെഹല റാഷിദ് തന്റെ ട്വിറ്റര്‍ കുറിപ്പില്‍ ആരോപിച്ചിരുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹല ആരോപിച്ചിരുന്നു.
കാശ്മീര്‍ പൊലീസിന് ക്രമസമാധാന പാലനത്തില്‍ യാതൊരു പങ്കുമില്ല, സി.ആര്‍.പി.എഫ്. അടക്കമുള്ള അര്‍ദ്ധസൈനിക വിഭാഗമാണ് എല്ലാം കൈകാര്യം ചെയ്യുന്നതെന്നും ഷെഹല ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സൈന്യം അന്വേഷണം നടത്താന്‍ തയ്യാറായാല്‍ തെളിവ് നല്‍കാമെന്നും ഷെഹല റാഷിദ് വ്യക്തമാക്കിയിരുന്നു.
മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള ഈ ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് ഷെഹല റാഷിദിനെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസെടുത്തത്. ഐ.പി.സി സെക്ഷന്‍ 123-എ (രാജ്യദ്രോഹം), 153-എ (ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), 153 (കലാപത്തിന് പ്രേരണ നല്‍കുന്ന വിധത്തില്‍ പ്രകോപനമുണ്ടാക്കല്‍), 505 (വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കല്‍), 504 (സമാധാനം തകര്‍ക്കാന്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കലും അധിക്ഷേപിക്കലും) എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
സുപ്രീം കോടതി അഭിഭാഷകനായ ലോക് ശ്രീവാസ്തവ നല്‍കിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കേസ്. ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാരിനുമെതിരെ ‘വ്യാജ വാര്‍ത്ത’ പ്രചരിപ്പിച്ച ഷെഹലയെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു അലോകിന്റെ ആവശ്യം.
അതേസമയം ആരോപണങ്ങളെല്ലാം വ്യാജമാണ് എന്നായിരുന്നു സൈന്യം നല്‍കിയ വിശദീകരണം.