Wed. Jan 22nd, 2025
കൊല്ലം:

അഞ്ചലില്‍ ഒരു കുടുംബത്തിനു നേരെ ആക്രമണം നടത്തിയ മുഖംമൂടി സംഘത്തിലെ ഒരാള്‍ പിടിയിലായി. കോട്ടുക്കല്‍ സ്വദേശി അന്‍സര്‍ ഖാനാണ് പിടിയിലായത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ അന്‍സര്‍ ഖാനെ റിമാന്‍ഡ് ചെയ്തു.

ആഗസ്റ്റ 30ന് രാത്രിയിലാണ് പുത്തയം തൈക്കാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജിനുവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. കാറിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം ജിനുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം വടിവാളും കമ്പിവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് തടയാനെത്തിയ ഭാര്യ സുവര്‍ണ, ജിനുവിന്റെ പിതാവ് ജനാര്‍ദ്ദനന്‍ പിള്ള, അയല്‍വാസിയായ ദീപ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ നാലു പേര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

വീട്ടുസാധനങ്ങള്‍ നശിപ്പിച്ച അക്രമികള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തല്ലിത്തകര്‍ത്തിരുന്നു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. കാറിലും ബൈക്കിലുമായി എത്തിയ ആറംഗ സംഘത്തിലെ എല്ലാവരെയും കുറിച്ചുള്ള വിവരങ്ങള്‍ പിടിയിലായ അന്‍സര്‍ ഖാന്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *