അഹമ്മദാബാദ്:
ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് തുടക്കത്തില്‍ തന്നെ 60% ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാലും നെയ്യും കൂടാതെ പശുവില്‍ നിന്നു ലഭിക്കുന്ന ഉപോല്‍പന്നങ്ങളായ ചാണകം, ഗോമൂത്രം എന്നിവയുടെ വ്യാവസായിക വല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പശുവില്‍ നിന്നും ലഭിക്കുന്ന മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന പദ്ധതികളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് ഭായ് ഖത്തൂരിയ പറഞ്ഞു.
ചാണകവും, ഗോമൂത്രവും ഔഷധമായും, വളമായും ഉപയോഗിക്കാവുന്നവയാണ്. പശുവുമായി ബന്ധപ്പെട്ട വ്യാവസായിക സംരംഭങ്ങളിലൂടെ പാലും, നെയ്യും മാത്രമല്ല, ചാണകവും ഗോമൂത്രവും ഉപയോഗിച്ചു നിര്‍മിക്കുന്ന ഉപോല്‍പന്നങ്ങളും കൂടി പണമാക്കി മാറ്റാന്‍ യുവ സംരംഭകര്‍ക്ക് കഴിയും. ചാണകം, ഗോമൂത്രം തുടങ്ങിയവയില്‍ നിന്നും വ്യാവസായിക ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 60% വരെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നും വല്ലഭ് ഭായ് ഖത്തൂരിയ വ്യക്തമാക്കി.
ഗാന്ധി നഗറിലെ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് പശു അധിഷ്ഠിത വ്യാവസായിക മാതൃകകളെ പരിചയപ്പെടുത്തുകയും അവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയുമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
2009 ഫെബ്രുവരിയിലാണ് രാഷ്ട്രീയ കാമധേനു ആയോഗ് ബോര്‍ഡിന് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആദ്യഘട്ടമായി 500 കോടി രൂപ ഫണ്ടായി അനുവദിക്കുകയും ചെയ്തു.
പശുവില്‍ നിന്നും ലഭിക്കുന്ന ഉപോല്‍പന്നങ്ങളുടെ ഔഷധ മൂല്യത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും കാമധേനു ആയോഗ് പ്രാധാന്യം നല്‍കും. നിലവില്‍ ഗോശാലകള്‍ നടത്തുന്നവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുമെന്നും ഖത്തൂരിയ പറഞ്ഞു. ചാണകത്തെയും ഗോമൂത്രത്തെയും വ്യവസായ വല്‍ക്കരിക്കുന്ന ഇത്തരം പുതിയ സംരംഭങ്ങളുണ്ടായാല്‍ കറവ അവസാനിച്ചാലും ക്ഷീരകര്‍ഷകര്‍ പശുവിനെ ഉപേക്ഷിച്ചു കളയില്ലെന്നും ഖത്തൂരിയ പറഞ്ഞു.
പശുവുമായി ബന്ധപ്പെട്ട് ഒര ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി കാമധേനു ആയോഗ് ചെയര്‍മാന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനായി ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ പരിഗണനയിലുണ്ടെന്നും ഖത്തൂരിയ പറഞ്ഞു.