ന്യൂഡല്‍ഹി:
രാജ്യസഭാംഗവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ രാം ജഠ്മലാനി(96) അന്തരിച്ചു. ഇന്നു രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ വസതിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലെ പ്രശസ്തനായ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ് രാം ജഠ്മലാനി.
രാം ബൂല്‍ചന്ദ് ജഠ്മലാനി എന്ന രാം ജഠ്മലാനി നിലവില്‍ രാഷ്ട്രീയ ജനതാ ദളിന്റെ രാജ്യസഭാ അംഗമാണ്. നേരത്തേ വാജ്പേയി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന ജഠ്മലാനി പിന്നീട് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബിജെപി വിട്ടു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള ജഠ്മലാനി സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളാണ്.
1923ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിഖര്‍പുരില്‍ ജനിച്ച ജഠ്മലാനി 17ാം വയസിലാണ് നിയമബിരുദം നേടിയത്. തുടര്‍ന്ന് കറാച്ചിയില്‍ അഭിഭാഷകനായി പരിശീലനം ആരംഭിച്ചു. ഇന്ത്യാ വിഭജനത്തിനു ശേഷം മുംബൈയിലെത്തി.
നിയമ രംഗത്ത് സ്വന്തമായ വഴി വെട്ടിത്തുറന്ന അദ്ദേഹം ഇന്ത്യയിലെ പ്രശസ്ത അഭിഭാഷകനായി മാറി. ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രതികളായതുള്‍പ്പെടെ ശ്രദ്ധേയമായ നിരവധി കേസുകളില്‍ അഭിഷകനായിരുന്നു. ഇതിനിടെ രാഷ്ട്രീയത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. മക്കളായ മഹേഷ് ജഠ്മലാനി, റാണി ജഠ്മലാനി, എന്നിവരും പ്രമുഖരായ അഭിഭാഷകരാണ്.
ഒരേ സമയം നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായനായിരുന്നു രാംജഠ്മലാനി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ, നിയമരംഗങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ രണ്ടാം അക്ബര്‍ റോഡിലെ വസതിയിലെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത്ഷാ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നു വൈകിട്ട് ലോധിറോഡ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.