#ദിനസരികള്‍ 873
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും ശ്രമിച്ച് വിജയം കൈവരിക്കണമെന്നു തന്നെയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ച നമ്മുടെ സാങ്കേതിക വിദഗ്ദര്‍ ഒറ്റ ശ്രമത്തില്‍തന്നെ വിജയിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന് അത് വലിയ നേട്ടമാകുമായിരുന്നു. ദൗത്യത്തിന് മുടക്കിയത് 978 കോടിയാണ്. വീണ്ടും ഒരു ശ്രമത്തിന് കോടികള്‍ തന്നെ ചിലവഴിക്കേണ്ടി വരും. അതിലുമുപരി ഐ. എസ്. ആര്‍. ഒ പോലെയുള്ള ഒരു വിഖ്യാത സ്ഥാപനത്തിന്റെ വിലപ്പെട്ട സമയം മറ്റു പ്രൊജക്ടുകളിലേക്ക് കേന്ദ്രീകരിക്കാമെന്ന ലാഭവുമുണ്ടായിരുന്നു.
മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത്, 2008 ലാണ് ചാന്ദ്രയാന്‍ 2ന് അനുവാദം നല്കുന്നത്. അന്ന് റഷ്യയുമായി ചേര്‍ന്ന് നടത്തുന്ന ഒന്നായിട്ടാണ് പദ്ധതി ആവിഷ്കരിക്കപ്പെട്ടതെങ്കിലും പിന്നീട് റഷ്യ പിന്മാറുകയും ചാന്ദ്രയാന്‍ രണ്ട് പൂര്‍ത്തീകരിക്കേണ്ട ബാധ്യത ഇന്ത്യയുടെ മാത്രമാകുകയും ചെയ്തു. ചാന്ദ്രയാന്‍ ഒന്ന് ചന്ദ്രിനല്‍ തൊടാതെ ചുറ്റും കറങ്ങി വിവരങ്ങള്‍ ശേഖരിക്കുയാണ് ചെയ്തത്. വിക്ഷപണത്തിന് പത്തുമാസങ്ങള്‍ക്കു ശേഷം ചാന്ദ്രയാന്‍ ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചു. ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി ആവശ്യമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തവണയുണ്ടായ പാളിച്ചകള്‍ തിരുത്തി അടുത്ത തവണ വളരെ കൃത്യമായി നമുക്ക് ആ ദൌത്യത്തില്‍ വിജയിക്കാനാകുമെന്ന് പ്രത്യാശിക്കുക.
എന്നാല്‍ ചാന്ദ്രയാന്‍ രണ്ടിന് ലക്ഷ്യത്തിലെത്താല്‍ കഴിയാതെ പോയതില്‍ ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അടക്കമുള്ള നേതൃനിര പൊട്ടിക്കരയുകയും വൈകാരികമായ ഒരന്തരീക്ഷമുണ്ടാക്കുകയും ചെയ്തതിനോട് ഒരു തരത്തിലും യോജിക്കുക വയ്യ. കാരണം ശാസ്ത്രത്തെ സംബന്ധിച്ച് വിജയത്തിനും പരാജയത്തിനും തുല്യമൂല്യമാണുള്ളത്.
ഒരുദാഹരണത്തിന് നാം ഇന്നു കാണുന്ന ബള്‍ബുകളിലെ ഫിലമെന്റ് കണ്ടെത്തുന്നതിനു വേണ്ടി എത്ര ആയിരം വസ്തുവകകളെയാണ് തോമസ് ആല്‍വാ എഡിസന്‍ ഉപയോഗിച്ചു നോക്കിയതെന്ന് ഒന്ന് അന്വേഷിക്കുക. നാരും നൂലും ചെമ്പുകമ്പിയുമടക്കം തന്റെ കൈവശമെത്തിച്ചേര്‍ന്ന ഓരോന്നിലൂടേയും അദ്ദേഹം വൈദ്യുതി കടത്തി വിട്ടു. ഓരോ പരാജയത്തില്‍ നിന്നും കൂടുതല്‍ കരുത്തോടെ തന്റെ ലക്ഷ്യം സാധിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. അവസാനം ടങ്സ്റ്റണ്‍ ഉപയോഗിക്കമെന്ന് കണ്ടെത്തുമ്പോഴേക്കും ശാസ്ത്രം നേടിയെടുത്ത ബോധ്യമെന്നു പറയുന്നത് ഒന്നു പറ്റുമെന്നല്ല ഒരായിരം പറ്റില്ലെന്നതായിരുന്നു. ഇതു മനസ്സിലാക്കണമെങ്കില്‍ ഒരു ശാസ്ത്രജ്ഞനായിരിക്കണമെന്ന് മാത്രം.
സാങ്കേതിക വിദഗ്ദര്‍ക്ക് പരാജയം വെറും പരാജയമായിത്തീരുന്നുവെന്നു മാത്രം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ പരാജയത്തിലാണ് ശാസ്ത്രം കൂടുതല്‍ സന്തോഷിക്കുന്നതെന്നും വിജയത്തിലാണ് സാങ്കേതികവിദ്യ സന്തോഷിക്കുന്നതെന്നും മനസ്സിലാകും.
ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാടകീയമായ ഇടപെടലുകളും വിലയിരുത്തപ്പെടേണ്ടതുണ്ട്. ഏതൊരവസരത്തേയും രാഷ്ട്രീയമായി മുതലെടുക്കാനുള്ള അദ്ദേഹത്തിന്റെ കൌശലത്തിന്റെ മകുടോദാഹരണമാണ് ഐ. എസ്. ആ.ര്‍ ഒ വിലെ പ്രകടനമെന്ന് നിസ്സംശയം പറയാം. രാജ്യത്ത് അത്ര വലിയ തോതിലൊരു നിരാശയുടെ അന്തരീക്ഷമില്ലാതിരുന്നിട്ടു കൂടി കെ. ശിവനും മോദിയും കൂടി ഇന്ത്യയെ ഒരു മരിച്ച വീടിനു തുല്യമാക്കി മാറ്റി. ദുഖിക്കരുത് രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഇത് സങ്കടത്തിന്റേയും ദുഖത്തിന്റേയുമായ ഒരു സമയമാണെന്ന തോന്നല്‍ ജനതയിലുണ്ടാക്കാന്‍ മോഡിക്ക് കഴിഞ്ഞു. രാജ്യവും ജനങ്ങളും ഐ. എസ്. ആര്‍. ഒ എന്ന സ്ഥാപനമായി ചുരുങ്ങുന്നത് നാം കണ്ടു. മേമ്പൊടിയായി ദേശീയതയും ചേര്‍ക്കപ്പെട്ടതോടെ ശാസ്ത്ര ബോധമുള്ളവര്‍ പരാജയത്തില്‍ ദുഖിക്കേണ്ടതില്ലെന്ന് പറഞ്ഞതു പോലും അവരെ രാജ്യവിരുദ്ധ പ്രസ്താവനകളായി മാറി. ഇത്തരത്തില്‍ വേരുകളില്ലാതെ നിര്‍മ്മിച്ചെടുക്കുന്ന ദേശീയബോധങ്ങളിലാണ് നരേന്ദ്ര മോദിയും കൂട്ടരും നിലനിന്നു പോകുന്നതെന്ന് നമുക്ക് ഒന്നു കൂടി ഉറപ്പിച്ചെടുക്കാന്‍ ഒരവസരംകൂടി സൃഷ്ടിക്കപ്പെട്ടു.
എന്തായാലും ചാന്ദ്രയാന്‍ 2 വിജയിപ്പിച്ചെടുക്കുക എന്ന ദൗത്യത്തില്‍ നിന്നും നമുക്കു പിന്നോട്ട് മാറുക വയ്യ. അതിനാവശ്യമായ പിന്തുണ ശാസ്ത്രസ്ഥാപനങ്ങള്‍ക്ക് നാം കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഊതിവീര്‍പ്പിച്ച ദേശീയതയുടേയും അതിവൈകാരികതയുടേയും നൂലില്‍ കെട്ടിയ പട്ടങ്ങളാകരുത് മറിച്ച് യുക്തിചിന്തയും ശാസ്ത്രീയാവബോധവുമാണ് നമ്മെ നയിക്കേണ്ടതെന്ന് മാത്രം.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.