കൊച്ചി :
നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഉത്തരവാദി പൊതുമരാമത്തു വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. വൈറ്റില കുണ്ടന്നൂര്‍ ജങ്ഷനുകളില്‍ നേരിട്ടെത്തി റോഡിന്റെ ശോചനീയാവസ്ഥ പരിശോധിച്ച മന്ത്രി കളക്ടറേയും പോലീസിനേയുമാണ് കുറ്റപ്പെടുത്തിയത്. വൈറ്റില മേല്‍പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ത്രി പരിശോധിച്ചു. രണ്ടു ജംഗ്ഷനുകളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും റോഡിലെ ഗതാഗതവും മന്ത്രി നിരീക്ഷിച്ചു.
കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്കായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ചിലയാളുകള്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങളെ ലക്ഷ്യംവെച്ച് ജി. സുധാകരന്‍ ആരോപിച്ചു.
ഗതാഗതം നിയന്ത്രിക്കേണ്ടത് പോലീസും കളക്ടറും ആണെന്നും മന്ത്രി പറഞ്ഞു. നീണ്ട ഗതാഗത കുരുക്കാണ് ഏറെ നാളായി കൊച്ചി നഗരത്തിലും വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളിലും അനുഭവപ്പെടുന്നത്.
യഥാസമയം അറ്റകുറ്റപ്പണി മൂലം റോഡുകള്‍ തകര്‍ന്നു കിടക്കുന്നതും വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പാലത്തിന്റെ നിര്‍മാണം നടക്കുന്നതും ഗതാഗത കുരുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പാലാരിവട്ടം മേല്‍പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതും പാലാരിവട്ടം മേഖലയില്‍ ഗതാഗത കുരുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
കുണ്ടന്നൂരില്‍ ഇന്നലെ വൈകിട്ടുണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു. റോഡിലെ കുഴികളാണ് നഗരത്തില്‍ ഗതാഗത കുരുക്ക് വര്‍ധിക്കാന്‍ കാരണമെങ്കിലും റോഡുകളുടെ അറ്റകുറ്റപ്പണിയുടെ മേല്‍നോട്ടം വഹിക്കേണ്ട പൊതുമരാമത്തു വകുപ്പിനെ ന്യായീകരിക്കുകയാണ് മന്ത്രി ചെയ്തത്.
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ചിലയിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കുഴിയടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.