തിരുവനന്തപുരം:
പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം. കോടതിയിലെത്തിയായിരുന്നു നാടകീയമായ ഇവരുടെ കീഴടങ്ങൽ. തട്ടിപ്പ് കേസിൽ പ്രണവ് രണ്ടാം പ്രതിയും സഫീർ നാലാം പ്രതിയുമാണ്.
ഇവരിൽ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പി.എസ്.സി. പോലീസ് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ്.
ചോദ്യകടലാസ് ചോര്‍ത്തിയ സംഭവത്തിൽ അഞ്ചു പേരെയാണ് ക്രൈംബ്രാഞ്ച് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ രണ്ടാം റാങ്കുകാരന്‍ പ്രണവും ഇവര്‍ക്ക് മൊബൈൽ സന്ദേശമായി ഉത്തരം അയച്ചുകൊടുത്ത നാലാം പ്രതിയും കല്ലറ വട്ടക്കരിക്കകം സ്വദേശിയുമായ സഫീറും ഇത്രയും കാലം ഒളിവിലായിരുന്നു.
പ്രണവിനെ നേരത്തെ പി.എസ്.സി. വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തേക്ക് വന്നതിനു പിന്നാലെ പ്രണവ് ഒളിവില്‍പ്പോവുകയായിരുന്നു.
പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.