വെബ് ഡെസ്‌ക്:
ഐ.എസ്.ആര്‍.ഒ.യെക്കുറിച്ച് രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒ.യുടെ മുഴുവന്‍ ടീമും മാതൃകാ പരമായ ആത്മാര്‍ത്ഥതയും ധീരതയും കാണിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇനിയും നല്ലതു തന്നെ നമുക്കു പ്രതീക്ഷിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.
ചന്ദ്രയാന്‍ ദൗത്യം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രതികരണം.
ഏതൊരു ഇന്ത്യാക്കാരനും പ്രചോദനമാകുന്നതാണ് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മ സമര്‍പ്പണവും എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റു ചെയ്തു. നിങ്ങളുടെ കഷ്ടപ്പാടുകള്‍ വ്യര്‍ത്ഥമാകില്ലെന്നും ഇന്ത്യയിലെ ചാന്ദ്ര ദൗത്യത്തിന് അടിത്തറയാകും ഇതെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അകലെ വെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ബംഗളുരു ഐ.എസ്.ആര്‍.ഒ.യിലെ ഇസ്ട്രാക്കില്‍ നിന്നും നഷ്ടപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്ദ്രയാന്‍ പാതയില്‍ നിന്നും വ്യതിചലിച്ചു പോവുകയായിരുന്നു.