കോട്ടയം:
പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. കേരള കോണ്‍ഗ്രസിന്‍റെ മുൻകാല പ്രതീകമായിരുന്ന രണ്ടില ചിഹ്നം ലഭിക്കാത്തതിനെ തുടർന്നാണ്, ടോമിന് പുതിയ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരുന്നത്. നേരത്തെ, പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളിയതോടെയാണ് യു.ഡി.എഫ്. സ്വതന്ത്രനായി അദ്ദേഹം മത്സരിക്കുന്നത്.
ചിഹ്നം ഏതായാലും വിജയം സുനിശ്ചിതം എന്ന് ജോസ് ടോം പ്രതികരിച്ചു. സ്ഥാനാര്‍ഥിയേയും പാര്‍ട്ടിയേയുമാണ് വോട്ട് ചെയ്യാൻ ജനം നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുമ്പോൾ 13 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്ന് ആരും പത്രിക പിന്‍വലിച്ചിട്ടില്ല. ആകെ 17 പത്രികയാണ് ലഭിച്ചിരുന്നത്.
എന്നാൽ, ജോസ് ടോമിനുവേണ്ടി പ്രചാരണത്തിനിറങ്ങില്ല എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം. ആയ ജോസഫ് വിഭാഗം. വാര്‍ത്തസമ്മേളനത്തിനിടെ യൂത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞകടമ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോസ് ടോമിനെ വിജയിപ്പിക്കാന്‍ പ്രത്യേകമായി പ്രചാരണം നടത്തുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ പി.ജെ ജോസഫിനെ പരസ്യമായി അപമാനിച്ചു വെന്നാരോപിച്ചാണ് നടപടി.
കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യു.ഡി.എഫ്. കണ്‍വെന്‍ഷനിടെ പ്രസംഗവേദിയിലെത്തിയ ജോസഫിനെ ജോസ് കെ. മാണി വിഭാഗം നേതാക്കള്‍ കൂക്കി വിളിക്കുകയും മുദ്രാവാക്യങ്ങൾ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനം പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫിനെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ, ജോസഫ് വിഭാഗം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് താൻ കരുതുന്നില്ലെന്നാണ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രതികരണം.