കൊല്‍ക്കത്ത:
സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അദ്ദേഹത്തെ കൊല്‍കൊത്തയിലെ വുഡ്‌ലാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ നിലയിലാണെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
75 വയസുകാരനായ ബുദ്ധദേവ് ഭട്ടാചാര്യ ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. കാഴ്ച സംബന്ധമായ അസുഖങ്ങളും ഏറെ നാളായി അദ്ദേഹത്തെ അലട്ടുന്നുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും, സി.പി.എം. നേതാവ് സൂര്യകാന്ത് മിശ്രയും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും അംഗമായിരുന്ന അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 2018 മുതല്‍ ദേശീയ നേതൃനിരയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
ജ്യോതി ബസുവിന് പിന്നാലെ 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. അതിനു തൊട്ടു മുന്പ് രണ്ടു വര്‍ഷക്കാലം ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. ബംഗാളിലെ കോസിപൂര്‍, ജാദവ് പൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്.
2019 ഫെബ്രുവരിയില്‍ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സി.പി.എം. റാലിയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്.