Sun. Dec 22nd, 2024
തിരുവനന്തപുരം:

മലയാളികളുടെ അഭിമാനം സഞ്ജുവിന്‍റെ വെട്ടിക്കെട്ട് ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ എ ഉയർത്തിയത് പടുകൂറ്റന്‍ സ്കോര്‍. മഴയെ തുടർന്ന് 20 ഓവറാക്കി കളി ചുരുക്കേണ്ടി വന്നെങ്കിലും ബാറ്റിംഗ് മികവിലൂടെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സ് നേടി. വെറും 48 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും അടക്കം താണ്ഡവമാടി സഞ്ജു സാംസൺ അടിച്ചുകൂട്ടിയത്, 91 റണ്‍സ്.

കളിയുടെ തുടക്കത്തിൽ, ഓപ്പണര്‍ പ്രശാന്ത് ചോപ്ര (2) പുറത്തായി മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു മികച്ച ഫോം പുറത്തെടുത്തു. മറുവശത്തുണ്ടായിരുന്ന സീനിയർ താരം ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കി സഞ്ജു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഈ മത്സരത്തിൽ 36 പന്തില്‍ 51 റണ്‍സ് നേടിയ ധവാന്‍ സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. ഇരുവരും രണ്ടാം വിക്കറ്റില്‍ 135 റണ്‍സ് അടിച്ചെടുത്തു. 16-ാം ഓവറില്‍ അവസാന പന്തില്‍ ഇന്ത്യയ്ക്ക് വമ്പൻ ലക്ഷ്യം പടുത്തുയർത്താനുള്ള ഊർജം നൽകിക്കൊണ്ടായിരുന്നു സഞ്ജു മടങ്ങിയത്.

അവസാന ഓവറുകളില്‍ കത്തി കയറിയ നായകന്‍ ശ്രേയസ് അയ്യർ ഇന്ത്യൻ സ്കോര്‍ 200 കടത്തി. ശ്രേയസ് 19 പന്തില്‍ 36 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്രൂറന്‍ ഹെന്‍ട്രിക്സ്, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി.

അഞ്ച് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും വിജയിച്ച്‌, നേരത്തെ ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, നാലാം എകദിനത്തിൽ നാല് റണ്‍സിന്‍റെ വിജയം ദക്ഷിണാഫ്രിക്കയും നേടി.

Leave a Reply

Your email address will not be published. Required fields are marked *