Mon. Dec 23rd, 2024
#ദിനസരികള്‍ 871

എന്താണ് സത്യാനന്തര സമൂഹത്തിന്റെ (post-truth) പ്രത്യേകത എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഞാന്‍ പറയുന്ന ഉത്തരം ഇങ്ങനെയായിരിക്കും:- പിണറായി വിജയന്‍ ഒരു വേദിയില്‍ വെച്ച് നൂറു ശതമാനം സത്യമായ ഒരു കാര്യവും ഉമ്മന്‍ ചാണ്ടി അതേ വേദിയില്‍ വെച്ച് നൂറു ശതമാനം നുണയായ ഒരു കാര്യവും പറയുന്നുവെന്നിരിക്കട്ടെ. പിണറായി വിജയന് കിട്ടുന്നതിനെക്കാള്‍ കൈയ്യടി ഉമ്മന്‍ ചാണ്ടിക്ക് കിട്ടുകയാണെങ്കില്‍ നാമൊരു പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര സമൂഹമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞ നുണ എന്നതിനെക്കാള്‍ പിണറായിയെക്കുറിച്ച് നിര്‍മ്മിച്ചു വെച്ചിരിക്കുന്ന പൊതുബോധം നമ്മെ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കൈയ്യടിക്കാന്‍ പ്രേരിപ്പിക്കുന്നു. അതായത് വസ്തുതകളെന്തായാലും അതൊന്നും പരിഗണിക്കപ്പെടാതെ മാധ്യമങ്ങളും മറ്റും ഊഹാപോഹങ്ങളുയേടും കേട്ടുകേള്‍വിയുടേയും മറ്റും അടിസ്ഥാനത്തില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന ബോധ്യങ്ങളോടാണ് സമൂഹത്തിന് പ്രതിപത്തി. ഫലത്തില്‍ തെളിവുകളും സത്യങ്ങളുമല്ല, വിശ്വാസങ്ങളും വികാരങ്ങളുമാണ് സംസാരിക്കേണ്ടതെന്നു ചിന്തിക്കുന്ന ഒരു വലതു പക്ഷത്തെ സത്യാനന്തര സമൂഹമെന്ന് നമുക്ക് നിര്‍വ്വചിക്കാം.

കേരളം എത്ര കണ്ട് ഇത്തരത്തിലുള്ള ഒരു സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് പരിശോധിക്കുമ്പോഴാണ് ഏറെക്കുറെ എന്ന ഉത്തരത്തിലേക്ക് നാം എത്തിച്ചേരുക. വലതുവത്കരിക്കപ്പെട്ട പൊതുബോധങ്ങള്‍ക്ക് കൂടുതലിടം നല്കുന്ന ഒരു കൂട്ടമായി നമ്മള്‍ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ അര്‍ദ്ധസത്യങ്ങള്‍ക്കും അസത്യങ്ങള്‍ക്കും കൂടുതല്‍ കൈയ്യടി കിട്ടുന്നത് സ്വാഭാവികവുമാകുന്നു. വലതുപക്ഷ താല്പര്യങ്ങള്‍ക്ക് നിലനില്ക്കാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷം അങ്ങനെ സൃഷ്ടിക്കപ്പെടുന്നു.

അങ്ങനെയുള്ള സാഹചര്യത്തില്‍ നരേന്ദ്രമോദി മേഘങ്ങളുടെ പിന്നിലൊളിച്ചുപോയി ആക്രമണം നടത്താന്‍ ആവശ്യപ്പെട്ടത് ന്യായീകരിക്കപ്പെട്ടേക്കാം. രാമസേതു ഇന്ത്യയിലെ എന്‍ജിനീയര്‍മാര്‍ നിര്‍മ്മിച്ച ലോകാത്ഭുതമാണെന്ന വാദത്തിന് ഇതിഹാസങ്ങള്‍ തെളിവുകളായേക്കാം. രണ്ടുമാസത്തെ സാമ്പത്തിക മാന്ദ്യം ഹിന്ദുകലണ്ടറിലുണ്ടെന്ന് പറഞ്ഞു സാമ്പത്തികമാന്ദ്യത്തെ നോക്കി ചിരിക്കാം. ഇങ്ങനെ നുണകളെ അടിസ്ഥാനപ്പെടുത്തി ഒരു സമൂഹത്തെത്തന്നെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തരത്തില്‍ നയിക്കാന്‍ കഴിയുന്നു.

എന്നാല്‍ പോസ്റ്റ് ട്രൂത്ത് സമൂഹത്തില്‍ ഇടതുപക്ഷമായി നിലനില്ക്കുക എന്നത് വലിയ വെല്ലുവിളിയാകുന്നു. സ്ത്രീയും പുരുഷനും തുല്യരാണെന്ന നിലപാടിന് കൈയ്യടിക്കാന്‍ ആളുകള്‍ കുറവാകുന്നു. എന്നു മാത്രവുമല്ല ഇടതുപക്ഷമെന്നു പറയുന്നതില്‍ പോലും വലതുവത്കരിക്കപ്പെട്ട ഇടതു എന്നൊരു വിഭാഗത്തിന് ഊര്‍ജ്ജ്വസ്വലത കൂടിവരുന്നു. മേഘങ്ങള്‍ക്കിടയിലൊളിച്ച് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ നമ്മളെന്തിന് എതിര്‍ക്കണം എന്നാണ് അക്കൂട്ടര്‍ ചോദിക്കുക. സ്ത്രീപുരുഷ സമത്വത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതി പ്രവേശനമാകാം എന്ന ഇടതു നിലപാടിനെ എന്തിനാണ് നാളിതുവരെയുള്ള വിശ്വാസങ്ങളെ നാമായിട്ട് ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പിന്മടക്കുന്നു. എന്നാല്‍ പൊതുവേ തങ്ങളും ഇടതുപക്ഷമാണെന്ന വിശേഷണത്തിന്‍ കീഴില്‍ കഴിഞ്ഞു പോകാന്‍ ഇവരും ഇഷ്ടപ്പെടുന്നുവെന്നതാണ് വസ്തുത. അതായത് ഇടതുപക്ഷത്തിനുള്ളിലും സത്യാനന്തര സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട് ഒരു വലതു പക്ഷം വളരെ ശക്തി പ്രാപിച്ചു വരുന്നു. അവര്‍ സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി എന്തിനാണ് എസ്.ഐയെ വിളിക്കുന്നതെന്ന് ചോദിക്കും. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള പ്രാധാന്യവും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു പോരുന്നതിന്റെ ആര്‍ജ്ജവവുമൊക്കെ അവിടെ വിസ്മരിക്കപ്പെട്ടും. ഒരു വലിയ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെക്കാള്‍ പോലീസ് ഓഫീസറെന്ന ഒരു വ്യക്തി കൂടുതല്‍ സ്വീകാര്യനാകും.

diffen.com പ്രസിദ്ധീകരിച്ച Left Wing vs. Right Wing എന്ന ലേഖനത്തില്‍ ലെഫ്റ്റ് – റൈറ്റ് പരിപ്രേക്ഷ്യങ്ങളെ ഒരു പട്ടികയാക്കി പ്രസിദ്ധീകരിച്ചത് നോക്കുക.

പട്ടികയിലെ വലതുപക്ഷ താല്പര്യങ്ങളോട് ഐക്യപ്പെടാനുള്ള അമിതമായ താല്പര്യം നാം പൊതുവേ പുലര്‍ത്തിപ്പോരുന്നുണ്ട്. ആ വലതു താല്പര്യങ്ങളെ സ്ഥാപിച്ചെടുക്കുന്നതിന് നുണകളേയും ഊതിപ്പെരുപ്പിച്ചെടുത്ത താല്പര്യങ്ങളേയുമാണ് ഉപയോഗിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും കളമശേരി എസ്.ഐ. അമൃതും സത്യാനന്തരമാലയില്‍ കൊരുത്ത മുത്തുകളാകുന്നത് അങ്ങനെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *