തൃശൂര്‍:
ഫേസ് ബുക്കില്‍ മുസ്ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയ കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകനെ മാനസികമായി പോലീസ് വേട്ടയാടുന്നു. പരാതി നല്‍കിയതിനു പിന്നാലെ ഇടയ്ക്കിടെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ വിപിന്‍ ദാസില്‍ മാവോവാദി ബന്ധം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.
പരാതി നല്‍കിയതിനു ശേഷം പല തവണയായി പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് എന്ന പേരില്‍ നരവധി പേര്‍ വിളിച്ചിരുന്നതായി വിപിന്‍ ദാസ് പറഞ്ഞു. ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയതെങ്കിലും ഈ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ഇവര്‍ കൂടുതലായി അന്വേഷിക്കുന്നത്. കൊടുങ്ങല്ലൂര്‍ മീഡിയാ സെന്ററിനൊപ്പം പ്രവര്‍ത്തിക്കുന്ന തന്നെ രാഷ്ട്രീയ മുദ്ര കുത്തി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായും വിപിന്‍ ദാസ് പറഞ്ഞു.
കൊടുങ്ങല്ലൂരിനടുത്ത് പി വെമ്പല്ലൂര്‍ സ്വദേശിയാണ് വിപിന്‍ ദാസ്. ഇന്ദിരയെ അറിയുമോ, നേരില്‍ കണ്ടിട്ടുണ്ടോ, നിങ്ങളുടെ വീടിനടുത്താണോ അവരുടെ വീട് തുടങ്ങിയ ചോദ്യങ്ങളാണ് പോലീസുകാര്‍ ചോദിക്കുന്നത്. ഇതുകൂടാതെ കഴിഞ്ഞ മാര്‍ച്ചില്‍ കൊടുങ്ങല്ലൂരില്‍ നടന്ന ഇംഫാല്‍ ടാക്കീസിന്റെ പരിപാടിയെക്കുറിച്ചും അത് സംഘടിപ്പിച്ചത് ആരാണ് തുടങ്ങിയ കാര്യങ്ങളുമാണ് പോലീസ് ചോദിച്ചത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ പോലീസില്‍ ഒരു പരാതി നല്‍കുന്നതെന്നും വിപിന്‍ പറഞ്ഞു.
(കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറം കായല്‍ തീരത്തെ ആംഫി തിയേറ്ററില്‍ കഴിഞ്ഞ മാര്‍ച്ച് 18 നാണ് മണിപ്പൂരി റോക് ബാന്‍ഡായ ഇംഫാല്‍ ടാക്കീസിന്റെ സംഗീത പരിപാടി നടന്നത്. ദക്ഷിണേന്ത്യയില്‍ വളരെ അപൂര്‍വമായി മാത്രമേ ഇംഫാല്‍ ടാക്കീസിന്റെ സംഗീത പരിപാടി നടന്നിട്ടുള്ളൂ. നേരത്തേ കൊച്ചി ബിനാലെയുടെ ഭാഗമായി ഫോര്‍ട്ടു കൊച്ചിയില്‍ ഇംഫാല്‍ ടാക്കീസ് സംഗീത പരിപാടി നടത്തിയിരുന്നു.)
മാവോവാദി പ്രവര്‍ത്തകനായ മുരളി കണ്ണമ്പിള്ളിക്ക് മീഡിയ ഡയലോഗ് സെന്ററില്‍ സ്വീകരണം നല്‍കുന്നുണ്ടോ, കൊച്ചിയില്‍ മുരളിക്ക് സ്വീകരണം നല്‍കുന്നതാരാണ്, മീഡിയാ ഡയലോഗ് സെന്ററിലുള്ള താടിവെച്ചയാള്‍ ആരാണ് തുടങ്ങിയ ചോദ്യങ്ങളാണ് വിപിന്‍ ദാസിനോട് പോലീസുകാര്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍ വിപിന്‍ ദാസില്‍ മാവോയിസ്റ്റു ബന്ധം ആരോപിക്കാനുള്ള സാധ്യതയുണ്ടോ എന്ന അന്വേഷണമാണ് പോലീസ് നടത്തുന്നത് എന്നാണ് ഇവരുടെ ചോദ്യങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ വംശീയ വിദ്വേഷമുള്ള പരാമര്‍ശം നടത്തിയ കെ.ആര്‍ ഇന്ദിരയെ അറസ്റ്റു ചെയ്യുന്നതിനു പകരം പരാതിക്കാരനു പിന്നാലെയാണ് പോലീസ്. ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു എന്നല്ലാതെ മറ്റു നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
അതേസമയം പരാതിയുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് പോലീസ് ചോദിക്കുന്നതെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു ശേഷവും പോലീസുകാര്‍ വിളിച്ചിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞും പോലീസ് വിളിച്ചിരുന്നതായും വിപിന്‍ ദാസ് പറഞ്ഞു. ഒരു പരാതിക്കാരനോട് എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ പോലീസ് ചോദിക്കുന്നത് എന്നാണ് വിപിന്‍ ദാസിന്റെ സംശയം. ഇനി ഒരുപക്ഷെ തന്റെ രൂപവും ശരീര ഭാഷയും കണ്ട് പോലീസുകാര്‍ക്ക് മാവോയിസ്റ്റു ബന്ധം തോന്നുന്നതാണോ എന്ന സംശയവും വിപിന്‍ ദാസ് വോക് മലയാളത്തോട് പങ്കു വെച്ചു. വളരെ സ്‌നേഹത്തോടെയാണ് പോലീസുകാര്‍ വിളിക്കുന്നതെന്നും വിപിന്‍ ദാസ് പറഞ്ഞു.
സുഹൃത്തായ പ്രശാന്ത് സുബ്രമണ്യന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിപിന്‍ ദാസിനെ പോലീസുകാര്‍ ഇങ്ങനെ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരിക്കുന്ന വിവരം പുറത്തറിഞ്ഞത്.
താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ എഫ്.ഐ.ആറിന്‍റ കര്‍പ്പ് ലഭിച്ചതായി വിപിന്‍ ദാസ് പറഞ്ഞു. മീഡിയാ ഡയലോഗ് സെന്ററിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം ചെന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നും എഫ്.ഐ. ആര്‍. കൈപ്പറ്റിയത്.
അതേസമയം രണ്ടാം തീയതി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പു നല്‍കാന്‍ ആറാം തീയതി വരെ കൊടുങ്ങല്ലൂര്‍ പോലീസ് സമയമെടുത്തു എന്നതിലും ഇന്ദിരക്കെതിരെ നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് വ്യക്തമാണ്.
മുസ്ലിംകള്‍ക്കെതിരേ വംശീയ വിദ്വേഷം പ്രചരിപ്പിച്ച കെ ആര്‍ ഇന്ദിരക്കെതിരേ ശക്തമായ പ്രതിഷേധമാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുള്ളത്. ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തില്‍ തുടരാന്‍ അവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല. അവിടെ നിന്നും അവരെ പുറത്താക്കുകയും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ലതികാ സുഭാഷ്, വി.പി.സുഹ്റ, കെ.കെ. ബാബുരാജ്, ഡോ. ജെ.ദേവിക, സി.എസ്. ചന്ദ്രിക, സി.കെ. ജാനു തുടങ്ങി നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട ഈ പൊതു പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.