Fri. Nov 22nd, 2024
കൊല്ലം:

അതിശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സംസ്ഥാനത്ത് മൂന്നു പേര്‍ മരിച്ചു. കൊല്ലം ജില്ലയില്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരണപ്പെട്ടത്.

കൊല്ലത്തെ പാരിപ്പള്ളിക്ക് സമീപം പുത്തന്‍‌കുളത്ത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചാലുണ്ടായ നേരം വീട്ടിനുള്ളിലുണ്ടായിരുന്ന ശ്രീരാമപുരം സ്വദേശി രഞ്ജിത്, ഭരതന്നൂര്‍ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ അഞ്ചുപേരും ആനപാപ്പാന്മാരാണ്.

മണ്ണിടിച്ചിലിനെ തുടർന്ന്, കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നായിരുന്നു മരണം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മുകളിലേക്ക് വീടിന്റെ ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. മേഖലയിൽ മുഴുവനും രാത്രി ശക്തമായ മഴ പെയ്തിരുന്നു. ജില്ലാ കളക്ടര്‍ , ചാത്തന്നൂര്‍ എ. സി. പി. തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കണ്ണൂർ ചാലയിൽ ഇന്നലെ രാത്രി 12.30യോടെയുണ്ടായ അപകടത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയാണ് മരണപ്പെട്ടത്. ചാല പൂക്കണ്ടി സ്വദേശി സരോജിനി (64) യാണ് മരിച്ചത്. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട് തകര്‍ന്നു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ രാജന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന്, തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പും നല്‍കി. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ തീവ്ര മഴ തുടരുകയാണ്. കള്ളിക്കാട് കുറ്റിച്ചല്‍ അമ്പൂരി വെള്ളറട പഞ്ചായത്തുകളില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *