ന്യൂഡല്‍ഹി:
ചണ്ഡിഗഡ് -കൊച്ചുവേളി സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് തീപിടിച്ചു. ട്രെയിന്റെ പിന്‍ഭാഗത്തുള്ള പവര്‍കാറിലാണ് തീപിടിത്തമുണ്ടായത്.
വെള്ളിയാഴ്ച ഉച്ചക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ എട്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഒന്നര മണി കഴിഞ്ഞ് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു പവര്‍കാറില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. പവര്‍ കാറിനോടു ചേര്‍ന്നുണ്ടായിരുന്ന രണ്ടു ബോഗികള്‍ക്കും തീപിടിച്ചു. പാര്‍സല്‍ ബോഗിയിലുണ്ടായിരുന്ന പാര്‍സല്‍ സാധനങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. പിന്നീട് പ്ലാറ്റ്‌ഫോമിലേക്കും തീ പടര്‍ന്നു. തീപിടിച്ചത് പാര്‍സല്‍ ബോഗിയിലായതിനാല്‍ ആളപായമുണ്ടായില്ല.
തീപിടിത്തമുണ്ടായതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ട്രെയിനില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. കത്തിയ ബോഗി ട്രെയിനില്‍ നിന്ന് മാറ്റിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. അപകടത്തില്‍ ആളപായമില്ലെന്ന് നോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ വക്താവ് ദീപക് കുമാര്‍ അറിയിച്ചു. ഫയര്‍ഫോഴ്സിന്റെ പന്ത്രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തിനിടയാക്കിയ സാഹചര്യം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് ഗുപ്ത പറഞ്ഞു.