Wed. Dec 18th, 2024
ആന്ധ്രാ പ്രദേശ്:

ഗുണ്ടൂര്‍ സ്വദേശിനിയായ യെരമാട്ടി മംഗയമ്മ 74ാം വയസില്‍ ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ഇതോടെ ഇരട്ടകള്‍ക്ക് ജന്മം നല്‍കിയ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീയെന്ന ലോക റെക്കോര്‍ഡാണ് മംഗയമ്മ സ്വന്തമാക്കിയിരിക്കുന്നത്. 2006ല്‍ ഇരട്ട കുട്ടികള്‍ക്കു ജന്മം നല്‍കിയ സ്‌പെയിനിലെ സാന്റ മരിയ സ്വദേശിനിയായ മരിയ ഡെല്‍ കാര്‍മന്റെ ലോക റെക്കോര്‍ഡാണ് മംഗയമ്മ തകര്‍ത്ത്. (മരിയ ഡെല്‍ കാര്‍മെന്‍ പ്രസവത്തിന് ശേഷമുണ്ടായ കാന്‍സര്‍ ബാധയെ തുടര്‍ന്ന് 2009ല്‍ മരണമടഞ്ഞു.)

ഗുണ്ടൂര്‍ ടൗണിലെ അഹല്യ നഴ്‌സിങ് ഹോമില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഡോക്ടര്‍ ഉമാശങ്കറിന്റെ നേതൃത്വത്തില്‍ നാലു ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. അമ്മയും രണ്ടു കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്ന് ഡോക്ടര്‍ എസ്. ഉമാശങ്കര്‍ പറഞ്ഞു.

വൈദ്യശാസ്ത്ര രംഗത്ത് ഇതൊരു അത്ഭുതമാണെന്നും ആദ്യവട്ട ഐ.വി.എഫ്. ചികിത്സയില്‍ തന്നെ മംഗയമ്മയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞെന്നും ഡോക്ടര്‍ പറഞ്ഞു. ജനുവരിയില്‍ ഗര്‍ഭം ധരിച്ച ഇവര്‍ ഡോ. ഉമാശങ്കറിന്റെ മേല്‍ നോട്ടത്തില്‍ ആശുപത്രിയിലെ പത്തോളം ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു.

55 വയസുകാരിയായിരുന്ന തന്റെ അയല്‍ക്കാരിക്ക് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്.) ചികിത്സയിലൂടെ കുഞ്ഞു പിറന്നതിനെ തുടര്‍ന്നാണ് മംഗയമ്മക്കും പ്രതീക്ഷ വര്‍ധിച്ചത്. തുടര്‍ന്ന് പിന്തുണയുമായി ഭര്‍ത്താവ് രാജറാവു ഒപ്പം നിന്നതോടെ ഇതേ ചികിത്സാ രീതി തേടാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളൊന്നുമില്ലാതിരുന്നതും അനുഗ്രഹമായി. ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളില്‍ നടത്താറുള്ള സീമന്തം ചടങ്ങ് ആശുപത്രിയിലാണ് നടന്നത്. ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും വളരെ സന്തോഷത്തോടെയാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

1962ല്‍ വിവാഹിതരായ മംഗയമ്മയും യെരമട്ടി രാജറാവുവും ഈസ്റ്റ് ഗോദാവരി ജില്ലക്കാരാണ്. വിവാഹം കഴിഞ്ഞ് 57 വര്‍ത്തെ കാത്തിരിപ്പിനു ശേഷമാണ് മംഗയമ്മ രാജറാവു ദമ്പതികള്‍ക്ക് ഐ.വി.എഫ്. ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഞങ്ങളുടെ സ്വന്തമായ രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നു. ഇന്ന് ലോകത്തില്‍ ഏറ്റവും സന്തോഷിക്കുന്ന ദമ്പതികളാണ് തങ്ങളെന്ന് മംഗയമ്മയുടെ ഭര്‍ത്താവ് രാജറാവു പറഞ്ഞു. ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേട്ടു എന്ന് മംഗയമ്മയും പ്രതികരിച്ചു.

രാജറാവുവും ബന്ധുക്കളും ആശുപത്രിയിലുള്ളവര്‍ക്ക് മധുരം വിതരണം ചെയ്ത് സന്തോഷം പങ്കു വെച്ചു.

2008ല്‍ ഉത്തര്‍പ്രദേശിലെ ഓംകാരി പന്‍വാര്‍ എന്ന സ്ത്രീ 72-ാം വയസില്‍ ഇതുപോലെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഓംകാരി പന്‍വാര്‍- ചരംസിങ് ദമ്പതികള്‍ക്ക് അന്നു ജനിച്ചത് ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായിരുന്നു. സിസേറിയനില്‍ കൂടി തന്നെയായിരുന്നു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. എന്നാല്‍ വയസ് സ്‌ക്ഷ്യപ്പെടുത്തുന്നതിനായി തന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ അവര്‍ക്ക് റെക്കോര്‍ഡ് ലഭിച്ചിരുന്നില്ല.

ദല്‍ജീന്ദര്‍ കൗര്‍                                    ഓംകാരി പന്‍വാര്‍

2016ല്‍ അമൃത്സറിലെ ദല്‍ജിന്ദര്‍ കൗര്‍ എന്ന് 72കാരി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് 50 വര്‍ഷത്തിനു ശേഷമായിരുന്നു ദല്‍ജീന്ദര്‍ കൗര്‍- മൊഹീന്ദര്‍ സിങ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറന്നത്.

കൃത്യമായ രേഖകള്‍ ഉള്‍പ്പെടെ പ്രായം തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീയാകും ഇനി മംഗയമ്മ.

Leave a Reply

Your email address will not be published. Required fields are marked *