Thu. May 2nd, 2024
ന്യൂഡൽഹി:

കശ്മീരിന്റെ പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര വിഷയങ്ങളിൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ശരിയായി വ്യാഖ്യാനിച്ചില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ടു താൻ ഞെട്ടിപ്പോയി, ഈ രണ്ട് വിഷയത്തിലും താൻ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നുവെന്നാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും തരൂർ പറഞ്ഞു. എന്നാൽ, ഈ വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ സ്പഷ്ടമാണെന്നും അത് ബിജെപി നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണെന്നും ശശി തരൂർ ട്വീറ്റിലൂടെ വ്യക്തമാക്കി.

‘അയോദ്ധ്യ, ആർട്ടിക്കിൾ 370, ഏകീകൃത സിവിൾ കോഡ് മുതാലായ വിഷയങ്ങളിൽ ഞാൻ ബി.ജെ.പിയുടെ ചിന്താഗതികളെ പിന്താങ്ങുന്ന വിധത്തിൽ ഏതാനും മാധ്യമങ്ങളിൽവന്ന വളച്ചൊടിക്കപ്പെട്ട റിപ്പോർട്ടുകൾ കണ്ട് ഞെട്ടിപ്പോയി. ഈ വിഷയങ്ങളിലുള്ള എന്റെ നിലപാടുകൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. സത്യത്തിൽ എന്താണ് ഞാൻ പറഞ്ഞതെന്ന് വായിച്ചു നോക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. മറ്റുള്ളവർ എന്റെ വാക്കുകൾ വളച്ചൊടിക്കുന്നുണ്ടെങ്കിൽ അതിനു ഞാൻ ഉത്തരവാദിയല്ല.’ ശശി തരൂർ ട്വീറ്റിലൂടെ അറിയിച്ചു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ആം അനുച്ഛേദം റദ്ദാക്കിയതിനും അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും അനുകൂലമായ പ്രസ്താവന ശശി തരൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി തരൂർ എത്തിയത്. സഹ മതസ്ഥരായവരുടെ ആരാധനകൾക്ക് തടസ്സം വരുത്താത്ത രീതിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രം പണികഴിപ്പിക്കണമെന്നും 370ആം വകുപ്പ് എല്ലാ കാലത്തും നിലനിർത്താനുള്ളതല്ലെന്നും എന്നാൽ, അത് കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിധം ജനാധിപത്യ വിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്.

One thought on “കശ്മീർ, അയോദ്ധ്യ; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നു ശശി തരൂർ”