Wed. Nov 6th, 2024
ന്യൂഡൽഹി :

കശ്മീർ ജനത നേരിടുന്ന പീഡനങ്ങൾക്കു തെളിവായി, സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ പതിനാറുകാരൻ മരണമടഞ്ഞു. ശ്രീനഗറിലെ ഇല്ലാഹിബാഗിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്‌റാർ അഹ്മദ് ഖാനാണു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇഹലോഹം വെടിഞ്ഞത്. തലയോട്ടിയിലും മുഖത്തുമുൾപ്പെടെ വളരെയധികം പെല്ലറ്റുകൾ കൊണ്ടതാണ് മരണകാരണമെന്ന് ആശുപത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കല്ലേറു കൊണ്ട് അസ്‌റാർ മരിച്ചതെന്നാണ് സൈന്യവും പോലീസും വാദിക്കുന്നത്. അതേസമയം, പതിനാറുകാരന്റെ മരണത്തെ തുടർന്ന്, കശ്മീരിൽ സംഘർഷം അധികരിക്കുന്നു.

ജമ്മു കശ്മീരിന് പ്രത്യേകാധികാര പദവി നൽകുന്ന 370ആം വകുപ്പ് പിൻവലിച്ചു ഒരു ദിവസം കഴിഞ്ഞു, ആഗസ്റ്റ് ആറിനു ആൾക്കൂട്ടത്തിനു നേരെ നടത്തപ്പെട്ട വെടിവെപ്പിലായിരുന്നു അസ്‌റാർ ഖാന് പരിക്കേറ്റത്. മുഖത്ത് പെല്ലറ്റുകൾ തറച്ചുകയറിയ കുട്ടിയെ സ്നേഹിതർ ഷേർ എ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയസൻസിൽ (സ്‌കിംസ്) കൊണ്ടെത്തിച്ചു. പരിശോധനയ്ക്കു ശേഷം, കണ്ണിലും തലയോട്ടിയിലും പെല്ലറ്റുകൾ തറച്ചുകയറിയിട്ടുള്ളതായാണ് എക്‌സ് റേയിലൂടെ അറിയാൻ കഴിഞ്ഞത്. ഒരു മാസകാലത്തോളം ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്ന അസ്‌റാർ, പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.

എന്നാൽ, സൈന്യത്തിനു നേരെ പ്രതിഷേധിച്ചവർ നടത്തിയ കല്ലേറിൽ നിന്നാണ് അസ്‌റാറിന് പരിക്കേട്ടിട്ടുള്ളതെന്നാണ് ജമ്മു കശ്മീർ എ.ഡി.ജി. മുനീർ ഖാൻ പറയുന്നത്. സൈനിക ഉദ്യോഗസ്ഥനായ ലഫ്. ജനറൽ കെ.എസ്. ധില്ലനും ഈന്യായീകരണത്തെ പിന്തുണച്ചു.


അതേസമയം, അസ്‌റാറിന്റെ മരണം പെല്ലറ്റ് വെടിയേട്ടിനെത്തുടർന്നുണ്ടായെന്നതിൽ ഉറച്ചു നിൽക്കുകയാണ് പിതാവ് ഫിർദൗസ് അഹ്മദ്. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സൈനികർ സ്വന്തം മകനു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ഫിർദൗസിനെ ഉദ്ധരിച്ച്, ബ്രിട്ടീഷ് മാധ്യമമായ ‘ദി ഇൻഡിപെന്റന്റ്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ വച്ചെടുത്ത മുഖത്ത് നിറയെ പെല്ലറ്റ് തറച്ച മുറിവുകളുള്ള അസ്‌റാറിന്റെ ചിത്രം ഫിർദൗസ് ക്യാമറയ്ക്ക് നേരെ എടുത്തുകാണിക്കുന്നതും ‘ദി ഇൻഡിപെന്റന്റ്’ പ്രസിദ്ധീകരിച്ചിരുന്നു. ‘ഇതാണ് തെളിവ്. ഇന്ത്യൻ സൈന്യം പറയുന്നത് ഇത് കല്ലേറുകൊണ്ടുണ്ടായതെന്നാണ്. പക്ഷെ, ഇത് പെല്ലറ്റുകളാണ്.’ ഫിർദൗസ് എല്ലാം ഒരുവരിയിൽ ചുരുക്കി.

പഠിക്കാൻ മിടുക്കനായിരുന്ന ഈ പതിനാറുകാരൻ ഈയിടെ നടന്ന സ്‌കൂൾ പരീക്ഷയിൽ 500-ൽ 495 മാർക്ക് നേടിയിരുന്നുവെന്ന് അന്തർദേശിയ മാധ്യമമായ ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.

അസ്‌റാറിന്റെ മരണവാർത്ത എത്തിയതിനു പിന്നാലെ, കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ പാലിച്ചുവരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *