തിരുവനന്തപുരം:
പ്രളയ ദുരന്തങ്ങളിലുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം, ഒരു ഓണം ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ.
എന്നാല്‍, വൻ ദുരന്തത്തിൽ നിന്നും ഒരു വിധം കരകയറുന്ന പൊതുജനത്തിനു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ പച്ചക്കറികളുടെ വില.
കനത്ത മഴയിൽ, സംസ്ഥാനത്തെ കൃഷികള്‍ക്കുണ്ടായ നാശനഷ്ടവും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഉത്പാദനം മങ്ങിയതുമാണ് ഇത്തവണത്തെ പച്ചക്കറികളുടെ പൊള്ളുംവിലകൾക്ക് പ്രധാന കാരണമായിരിക്കുന്നത്. ഏത്തക്കായ, ബീന്‍സ്, സാവാള, വെളുത്തുള്ളി മുതലായവയുടെ വില ഒരാഴ്ചക്കുള്ളില്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ്, മില്‍മ പാലും വില ഉയര്‍ത്താനുള്ള നടപടിയുമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. വില ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ വര്‍ധിപ്പിക്കാനാണ് മിൽമയുടെ തീരുമാനം. 2017ലായിരുന്നു അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്. അതുകൊണ്ടു തന്നെ, വില വര്‍ധനവ് അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ ധരിപ്പിച്ചിരിക്കുന്നത്.
മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വിപണിയിൽ വില വര്‍ധിപ്പിക്കാനാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ ചര്‍ച്ച നടത്തും.
അതേസമയം, നിത്യോപയോഗ സാധനങ്ങളുടെ വിലവർധന ജനങ്ങളെ ബാധിക്കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനെ പരിഹരിക്കാൻ, പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവ സജജമാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്.