Wed. Nov 6th, 2024
ദോഹ:

ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ 2022 ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാന നഗരമായ ദോഹയിൽ വച്ചു ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗികമായി ലോഗോ പുറത്തുവിട്ടത്. ഖത്തറിൽ ഒരേസമയം നാല് പ്രധാനപ്പെട്ട ഇടങ്ങളില്‍ വലിയ പ്രോജക്ടര്‍ ഉപയോഗിച്ചായിരുന്നു ലോഗോ അവതരണം. ബുര്‍ജ് ദോഹ, കത്താര കള്‍ച്ചറല്‍ വില്ലേജ് അംഫിതിയറ്റര്‍, സൗക്വ വഖിഫ്, അല്‍ സുബറാഹ് കോട്ട എന്നിവിടങ്ങളിലായിട്ടായിരുന്നു ലോഗോ പ്രകാശനം ചെയ്തത്.

ഇതേകൂടാതെ, ലോകത്തിലെ പ്രധാനപ്പെട്ട 24 നഗരങ്ങളിൽ കൂടി ഇതേ സമയം ലോഗോ പ്രകാശനം ചെയ്തിരുന്നു. ലണ്ടന്‍, ജോഹന്നാസ്ബര്‍ഗ്, മെക്സിക്കോ സിറ്റി, മുംബൈ, പാരീസ് തുടങ്ങിയ നഗരങ്ങൾ ഇതിൽപ്പെടുന്നു.

“ഫുട്ബോളിൽ കിട്ടുന്ന ആനന്ദം ഒരിക്കലും അവസാനിക്കില്ല” എന്ന സന്ദേശമാണ് പുതിയ ലോഗോ നൽകുന്നത്.
ലോകകപ്പ് നടത്തപ്പെടാൻ പോകുന്ന എട്ട് സ്റ്റേഡിയങ്ങള്‍, മരുഭൂമിയിലെ മണല്‍കൂനകൾ, ഇവയ്‌ക്കെല്ലാം പുറമെ, അനന്തതയുടെ ചിഹ്നം (ഇന്‍ഫിനിറ്റി സിംബൽ) ഒക്കെ ഉൾപ്പെടുത്തിയാണ് ലോഗോ നിർമിച്ചിരിക്കുന്നത്.

മുൻകാല ഫുട്ബോൾ ലോകകപ്പുകളുടെ ലോഗോകൾ
2022ൽ നടക്കാനിരിക്കുന്ന 22മത് ലോകകപ്പിലൂടെ, ഫിഫ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. 2022 നവംബര്‍ 21ന് ആരംഭിക്കുന്ന അടുത്ത ലോകകപ്പ് മത്സരങ്ങൾ ഖത്തര്‍ ദേശീയ ദിനമായ 2022 ഡിസംബര്‍ 18ന് നടക്കുന്ന ഫൈനൽ മത്സരത്തോട് കൂടി പരിസമാപ്തിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *