പാലാ:
പാലായില്‍ പി. ജെ. ജോസഫ് വിഭാഗത്തിനൊപ്പം യു.ഡി.എഫ്. വിമതസ്ഥാനാര്‍ത്ഥി രംഗത്ത്. പി. ജെ. ജോസഫ് അനുകൂലിയും കേരളാ കോണ്‍ഗ്രസ് എം അംഗവും കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കുന്നത്. പി. ജെ. ജോസഫിന്‍റെ അനുയായികൾക്കും പി.എ.യ്ക്കുമൊപ്പമെത്തിയായിരുന്നു അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതേസമയം, വിമതൻ ജോസഫ് വെറും ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം പറയുന്നത്.
രണ്ടില ചിഹ്നം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും ജോസ്. കെ. മാണി പക്ഷക്കാരനുമായ ജോസ് ടോം പുലിക്കുന്നേലിന് ഉള്ളതല്ലെന്ന നിലപാടിൽ തന്നെ പി. ജെ. ജോസഫ് ഉറച്ചുനിൽക്കുമ്പോഴാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രികയുമായി എത്തിയിരിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത് മുതൽ, ജോസ് ടോം കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയല്ലെന്നും യു.ഡി.എഫ്.ന്റെ സ്വതന്ത്ര സ്ഥാനാർഥി മാത്രമാണെന്നുമാണ് ജോസഫിന്‍റെ നിലപാട്. എന്നാൽ, കേരളാ കോണ്‍ഗ്രസ് എമ്മിന് ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ജോസഫ് നൽകിയിട്ടുമില്ല.
താൻ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നായിരുന്നു ജോസഫ് കണ്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ദേഹം പ്രത്യേക സാഹചര്യത്തിലാണ് നോമിനേഷന്‍ നല്‍കുന്നതെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിചേക്കില്ലെന്നുമാണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്.