Wed. Jan 22nd, 2025
തിരുവനന്തപുരം:

സര്‍ക്കാര്‍ ഓഫീസുകളിൽ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചു മാത്രമാക്കി കുറയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍റെ നിര്‍ദ്ദേശം. എല്ലാ ശനിയാഴ്ചയും കൂടി അവധി നല്‍കാനും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവരുടെ പ്രായപരിധി ഘട്ടംഘട്ടമായി 60 ലേക്കുയർത്തണമെന്നും വി. എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മിഷനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയുന്നതുള്‍പ്പെടെ അനവധി നേട്ടങ്ങളായിരിക്കും
പുതിയ പരിഷ്കരണത്തിലൂടെ ലഭിക്കുക എന്നാണു കമ്മിഷൻ വിലയിരുത്തുന്നത്.

അതേസമയം, പൊതു അവധികളും കാഷ്വല്‍ ലീവുകളും കുറയ്ക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും ഇതേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിൽ, കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരായിരിക്കും ഇക്കാര്യത്തിൽ ഇനി കമ്മിഷന്‍റെ ശുപാര്‍ശകള്‍ പരിഗണിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നത്.

മേൽ പറഞ്ഞ നിർദ്ദേങ്ങൾക്ക് പുറമെ, പ്രവൃത്തി സമയം രാവിലെ 10 മുതല്‍ അഞ്ചുവരെയുള്ളത് മാറ്റി ഒമ്പത് മുതല്‍ 5.30 വരെയാക്കുക, ഉച്ചയൂണിനു ഒരുമണിക്കും രണ്ടുമണിക്കും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കുക, ഓഫീസ് സമയം കണക്കിലെടുത്തു പൊതുഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുക മുതലായവയും റിപ്പോര്‍ട്ടിലിൽ ചേർത്തിട്ടുണ്ട്. ഒപ്പം, ഉദ്യോഗസ്ഥർക്ക് ആവശ്യപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിനുള്ള സൗകര്യ സാധ്യതയും പരിഗണനയിലുണ്ട്. എന്നാൽ, ജീവനക്കാര്‍ ഓഫീസിൽ കയറുന്ന സമയവും മടങ്ങുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി, നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭരണപരിഷ്കാര കമ്മിഷന്‍റെ മറ്റു നിര്‍ദ്ദേശങ്ങൾ

  • ഇപ്പോള്‍ നിലവിലുള്ള 20 കാഷ്വല്‍ ലീവുകള്‍ പന്ത്രണ്ടാക്കി കുറയ്ക്കണം, മറ്റ് അവധികളെ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കുക.
  • പൊതു അവധികള്‍ ഒമ്പത് എണ്ണം- സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം(രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി.
  • പ്രത്യേക അവധികളില്‍ ഒരാള്‍ക്ക് എട്ടെണ്ണം മാത്രമെ എടുക്കാന്‍ സാധിക്കൂ. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇത് നിര്‍ണ്ണയിക്കും.
  • നിയന്ത്രിത അവധികളില്‍ മാറ്റമില്ല. 2019-ല്‍ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളുമൊഴികെ 27 ദിവസം ഓഫീസുകള്‍ക്ക് അവധി
  • ഓഫീസുകള്‍ ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്കൂളുകള്‍ തുറക്കണം. പ്രത്യേകസമയം നിര്‍ദ്ദേശിച്ചില്ലെങ്കിലും എട്ടുമണിക്കെങ്കിലും സ്കൂള്‍ തുറക്കണമെന്നാണ് ശുപാര്‍ശ.
  • പി എസ് സി പരീക്ഷയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 40 ല്‍ നിന്ന് 32 ആക്കണം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 ല്‍ നിന്ന് 19 ആക്കി ഉയര്‍ത്തണം
  • പട്ടികജാതി/ പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗക്കാരുടെ പ്രായപരിധി ഇതനുസരിച്ച് ക്രമീകരിക്കണം.
  • പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ല

Leave a Reply

Your email address will not be published. Required fields are marked *