Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്നാട്ടില്‍ വീണ്ടും ജാതിയെ ചൊല്ലി അനീതി. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിനെ തുടർന്ന്, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ മുന്നാക്ക വിഭാഗത്തിനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് എടുത്തിട്ടില്ല.

മധുരയിലെ പേരായൂർ എന്ന ഗ്രാമത്തിലാണ്, ദലിതർക്ക് നേരെ ഇത്തരം അനീതി ഉണ്ടായിരിക്കുന്നത്. ഷണ്‍മുഖവേൽ എന്ന ദലിതൻറെ മൃതശരീരം ദഹിപ്പിക്കുമ്പോൾ മഴവരുകയായിരുന്നു. എന്നാൽ, മുഴുവനായും മൃതദേഹം കത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല, തുടർന്ന്, ബന്ധുക്കൾ മൃതദേഹ സംസ്കരണത്തിനായി അടുത്തുള്ള ശമ്ശാനത്തില്‍ ഇടം തരണമെന്നപേക്ഷിച്ചെങ്കിലും, സ്ഥലത്തെ മുന്നാക്ക വിഭാഗക്കാര്‍ അതിന് സമ്മതിച്ചില്ല. ശേഷം, മഴ കഴിയും വരെ ഷണ്‍മുഖവേലിന്‍റെ മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടി സംരക്ഷിച്ച അടുത്തവർ, ഒടുവില്‍ മഴയില്‍ കുതിര്‍ന്ന മൃതദേഹത്തെ വേറെ വഴികളൊന്നും കാണാനാവാത്തതിനാൽ, പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ദുരവസ്ഥയെ തുടർന്ന്, ഷണ്‍മുഖവേലിന്‍റെ കുടുംബം പേരായുര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അധികൃതർ കേസ് എടുക്കാന്‍ തയാറായിട്ടില്ല. മുന്നാക്ക വിഭാഗക്കാരുടെ ചുടുകാടിൽ ഇടം ചോദിച്ചതാണ് പ്രശ്നമായതെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ ദിവസം, തമിഴ്നാട് വെല്ലൂരില്‍ മുന്നാക്ക വിഭാഗക്കാർ ശ്മശാനത്തിലേക്കു പോകാനുള്ള വഴി വിട്ടു നൽകാത്തതോടെ ദലിതന്‍റെ ശവശരീരം പാലത്തിലൂടെ കെട്ടിയിറക്കി സംസ്കരിക്കേണ്ടി വന്നിരുന്നു. ഈ നൂറ്റാണ്ടിലും സമൂഹമാധ്യമങ്ങളിലൂടെ നിരവധി ജാതീയ വിവേചനത്തിന്‍റെ വാർത്തകളാണ് തമിഴകത്തെ തലകുനിപ്പിച്ചുകൊണ്ട് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *