നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ സാംസങ് ഗ്യാലക്സി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിലേക്കെത്തുന്നു. സെപ്തംബര്‍ ആറാം തിയതി ദക്ഷിണ കൊറിയന്‍ വിപണിയിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കപ്പെടുക. നേരത്തെ തന്നെ അവസാനഘട്ട പരിശോധനകളുൾപ്പെടെ പൂര്‍ത്തിയാക്കിയ, സാംസങ് ഫോള്‍ഡ് ഫോണുകളുടെ അപാകതകള്‍ പരിഹരിച്ചിട്ടുണ്ടെന്നും വിപണിയിലെത്താന്‍ ഈ മോഡൽ സജ്ജമാണെന്നും സാംസങ് ഡിസ്‌പ്ലേ വൈസ് പ്രസിഡന്റ് കിം സിയോങ് ചിയോള്‍ അറിയിച്ചു.
ഈ മാസം അവസാനമായിരിക്കും വിപണിയിലേക്ക് എത്തുകയെന്ന് മുൻപ് സംസങ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. 7.3 ഇഞ്ച് ഫ്ലക്‌സിബിള്‍ അമോലെഡ് ഡിസ്‌പ്ലേയും, 4.5 ഇഞ്ചിന്റ് മറ്റൊരു ഡിസ്പ്ലേയുമാണ് പുതിയ മോഡലിൽ ഉള്ളത്. ക്വാല്‍കോമിന്റെ സ്നാപ്‌ഡ്രഗണ്‍ 855 പ്രൊസറിന്റെ കരുത്തും ഈ സ്മാര്‍ട്ട്‌ഫോണിനുണ്ടാകും.
2019 ഏപ്രിലില്‍ ഫോണ്‍ പുറത്തിറക്കുമെന്നായിരുന്നു സാംസങ് കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സ്മാര്‍ട്ട്‌ഫോണിന്റെ ഫ്ലക്സിബിള്‍ ഡിസ്പ്ലേയില്‍ ചില തകരാറുകള്‍ കണ്ടെത്തുകയും തുടർന്ന്, ഫോണിന്റെ അവതരണം വൈകിക്കുകയുമായിരുന്നു.
പുതിയ മോഡലിന്റെ റിവ്യൂവര്‍മാരുടെ പക്കലുള്ള ഫോണുകളുടെ ഡിസ്‌പ്ലേയിൽ പൊട്ടലുണ്ടാകുന്നതായി അവർ റിപ്പോർട്ട് നൽകിയിയാതായിരുന്നു മുഖ്യകാരണം.
ഇന്ത്യയില്‍ ഈ മോഡല്‍ നിര്‍മ്മിക്കില്ലെങ്കിലും, രാജ്യത്തെ വിപണികളിലും ഗ്യാലക്സി ഫോള്‍ഡ് വില്‍പ്പനക്കെത്തിക്കും എന്ന് നേരത്തെ തന്നെ സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.