Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഇതിഹാസ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് 36-കാരിയായ മിതാലിയുടെ മടക്കം. മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പുകളുൾപ്പെടെ 32 ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് മിതാലി.

‘2006 മുതല്‍ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. നീണ്ട 13 വര്‍ഷത്തെ ഈ ട്വന്റി-20 കരിയറിനെ ഇനി ഞാൻ അവസാനിപ്പിക്കുകയാണ് . 2021ലെ ഏകദിന ലോകകപ്പിലായിരിക്കും അങ്ങോട്ടേക്കുള്ള എന്റെ ശ്രദ്ധ.’ വിരമിക്കില്‍ പ്രഖ്യാപിക്കലിനിടെ മിതാലി അറിയിച്ചു.

2006-ല്‍ ഡെര്‍ബിയില്‍ വച്ച് നടന്ന ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിൽ ടീമിനെ നയിച്ചത് മിതാലിയാണ്.

കളം വിടുമ്പോൾ, പുറത്താകാതെ നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോറായ 97 റണ്‍സുൾപ്പെടെ, 89 മത്സരങ്ങളില്‍ നിന്ന് 37.5 ബാറ്റിങ് ശരാശരിയില്‍ 2364 റണ്‍സ് മിതാലിയുടെ അക്കൗണ്ടിലുണ്ട്. അവസാന ട്വന്റി-20 മത്സരം, കഴിഞ്ഞ മാര്‍ച്ചില്‍ ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു.
ട്വന്റി-20യിൽ 2000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മിതാലി രാജാണ്.

‘ഇന്ത്യക്ക് വേണ്ടി ലോക കിരീടം നേടുക എന്ന എന്റെ സ്വപ്‌നം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇന്ത്യന്‍ ടീമിനും ബി.സി.സി.ഐ.യ്ക്കും എന്റെ നന്ദി അറിയിക്കുന്നു.’ മിതാലി പറഞ്ഞു.

നിലവിൽ, 203 ഏകദിനങ്ങളിൽ നിന്നായി 51.29 ബാറ്റിങ് ശരാശരിയില്‍ 6720 റണ്‍സാണ് മിതാലിയുടെ സംഭാവന. ഏഴു സെഞ്ചുറികളുൾപ്പെടെയാണ് താരത്തിന്റെ ഈ നേട്ടം. 10 ടെസ്റ്റില്‍ നിന്നും ഒരു സെഞ്ചുറിയ്ക്കൊപ്പം 663 റണ്‍സും മിതാലി രാജ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *