Mon. Dec 23rd, 2024
#ദിനസരികള്‍ 868

ഇടക്കിടക്ക് ഭഗത് സിംഗിനെ വായിക്കാനെടുക്കുക എന്നത് എനിക്ക് പ്രിയപ്പെട്ട ഒരു കാര്യമാണ്. കാരണം കേവലം ഇരുപത്തിനാലാമത്തെ വയസ്സില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റിയ ആ ചെറുപ്പക്കാരന്‍, തന്റെ വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ലോകത്തെ നോക്കിക്കണ്ട രീതി അത്രമാത്രം വിസ്മയകരവും വായനക്കാരനെ ഊര്‍ജ്ജപ്പെടുത്തുന്നതുമാണ്. തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്ക്കുകയും അവസാന ശ്വാസം വരെ ആയതിനുവേണ്ടി പോരാടുകയും ചെയ്യുക എന്നത് ഭഗത് സിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകതയാണ്. മതത്തെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും വിവാഹം പോലെയുള്ള വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചായാലും അദ്ദേഹം താന്‍ സ്വീകരിച്ച ഒരു നിലപാടില്‍ സര്‍വ്വാത്മനാ ഉറച്ചു നില്ക്കുന്നതു കാണാം. അത്തരത്തില്‍ താന്‍ ചിന്തിച്ചുറപ്പിച്ച് പരുവപ്പെടുത്തിയെടുത്ത തന്റെ വിശ്വാസങ്ങള്‍ക്കു വേണ്ടി സ്വജീവിതം തന്നെ സമര്‍പ്പിച്ച ഭഗത് സിംഗ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ സമര്‍പ്പണബുദ്ധിയാണ് പ്രകടിപ്പിച്ചത്. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തേയും അദ്ദേഹം വിലയിരുത്തിയതും അങ്ങനെത്തന്നെയായിരുന്നു. അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസില്‍ സമര്‍പ്പിച്ച പ്രസ്ഥാവന നോക്കുക “ആദര്‍ശങ്ങള്‍ക്കു വേണ്ടി, വിശ്വാസത്തിനു വേണ്ടി ഞങ്ങള്‍ക്ക് വിധിക്കപ്പെട്ട ഏതൊരു കഷ്ടപ്പാടുകളേയും ഞങ്ങള്‍ സ്വാഗതം ചെയ്യും. വിപ്ലവത്തിന്റെ ബലിപീഠത്തില്‍ ഞങ്ങളുടെ യുവത്വം ഞങ്ങള്‍ ആഹുതി ചെയ്യുന്നു. മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടി എത്ര വലിയ ത്യാഗവും അധികമാകില്ല. ഞങ്ങള്‍ക്ക് തൃപ്തിയായി. വിപ്ലവത്തിന്റെ സമാഗമത്തെ ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം ജയിക്കട്ടെ.”

തങ്ങള്‍ എന്താണോ ചെയ്തത് അതുതന്നെയാണ് ശരിയെന്ന ഉത്തമബോധ്യമായിരുന്നു അദ്ദേഹത്തെ ഓരോ നിമിഷവും നയിച്ചിരുന്നത്. തൂക്കുകയറിലേക്ക് നടന്നു കയറുമ്പോഴും ആ ചിന്തകളിലോ നിലപാടുകളിലോ വിട്ടു വീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. കാരണം ഇന്നു തങ്ങളെ വിലയിരുത്തിയ വൈദേശിക ശക്തികളൊക്കെ നാളെ ഇവിടെനിന്നും കെട്ടുകെട്ടുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച അച്ഛന് അദ്ദേഹം എഴുതിയ കത്ത് അദ്ദേഹത്തിന് തന്റെ ആദര്‍ശത്തെക്കുറിച്ചുള്ള ധാരണകളെ വിശദമാക്കുന്നു “ബഹുമാനപ്പെട്ട അച്ഛന്, നമസ്കാരം. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി എന്റെ ജീവിതവും ആത്മാവും ത്യാഗാര്‍പ്പണം ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജീവിതഭോഗ ചിന്തകളോ ഇഹലോക അഭിലാഷങ്ങളോ എന്നെ ബാധിക്കുന്നില്ല. എന്റെ ഉപനയന സമയത്ത് ഞാന്‍ നന്നേ ചെറുപ്പമായിരുന്നു. അന്ന് എന്റെ മുത്തച്ഛന്‍ എന്നെ ദേശസേവനത്തിനായി ഉഴിഞ്ഞു വെച്ച പ്രഖ്യാപനം നടത്തിയത് അങ്ങ് സ്മരിക്കുന്നുണ്ടാകും. ആ പൂര്‍വ്വ കാലത്തെ ദൃഢപ്രതിജ്ഞയെ എനിക്ക് മാനിക്കാതിരിക്കാനാവില്ല. അങ്ങ് എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ ആശിക്കുന്നു.” 1923 ലാണ് അദ്ദേഹം ഈ കത്ത് എഴുതുന്നത്. ആറുകൊല്ലത്തിനു ശേഷം ബോംബേറു കേസില്‍ അദ്ദേഹം അറസ്റ്റിലാകുകയും രണ്ടുകൊല്ലത്തിനുള്ളില്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു. താന്‍ നിശ്ചയിച്ചുറപ്പിച്ച വഴിയിലൂടെ തന്നെയാണ് അചഞ്ചലനായി അദ്ദേഹം നടന്നു നീങ്ങിയതെന്ന് ഈ കത്ത് വ്യക്തമാക്കുന്നു.

യുവാക്കള്‍ക്ക് ഒരു രാഷ്ട്രീയ മുഖവുര എന്ന ലേഖനത്തില്‍ തന്റെ രാഷ്ട്രീയമായ താല്പര്യങ്ങളെക്കുറിച്ചും രാജ്യം ചിന്തിക്കേണ്ടതെങ്ങനെയെന്നതിനെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. “നിലവിലുള്ള സാമൂഹ്യാവസ്ഥയെ പൂര്‍ണമായും തകര്‍ത്തുകൊണ്ടുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പുനസ്ഥാപനമാണ് യഥാര്‍ത്ഥ വിപ്ലവം അല്ലെങ്കില്‍ വിപ്ലവപ്രവര്‍ത്തനം. അതിന് അധികാരത്തിന്റെ മറ്റൊരു സാമാന്യ വശം കൂടിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഭരണകൂട സംവിധാനമെന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം താല്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും സംരക്ഷണ കവചം തീര്‍ത്തും ഉണ്ടാക്കിയ ഭരണവര്‍ഗ്ഗത്തിന്റെ കൈയ്യിലുള്ള ഒരായുധം മാത്രമാണ്. ആ ആയുധത്തെ കൈവശമാക്കുകയും നമ്മുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി അതിനെ ഉപയുക്തമാക്കുകയും ചെയ്യാനാണ് പ്രയത്നിക്കേണ്ടത്. മാര്‍ക്സിയന്‍ അടിത്തറയില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തുകയാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ആ ഉദ്ദേശപൂര്‍ത്തീകരണത്തിനായി ഭരണതന്ത്രം കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് നാം പൊരുതുന്നത്. അങ്ങനെ ഇത്തരം വിപ്ലവമുന്നേറ്റങ്ങളിലൂടെ ജനതതിയെ നല്ല രീതിയില്‍ പരിശീലിപ്പിക്കാനും പഠിപ്പിക്കാനും നമുക്ക് കഴിയും.” എന്താണ് തന്നെ നയിക്കുന്ന ആശയാദര്‍ശങ്ങളെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. 1931 ല്‍ എഴുതിയ ഈ ലേഖനം കമ്യൂണിസത്തോടും മാര്‍ക്സിസത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രഖ്യാപിക്കുന്നു. ഇത്രയും സുവ്യക്തമായി താന്‍ വിശ്വസിക്കുന്ന ആശയത്തെക്കുറിച്ച് എഴുതിയിട്ടും അദ്ദേഹമൊരു കമ്യൂണിസ്റ്റായിരുന്നോയെന്ന് സംശയിക്കുന്ന ഗൂഢബുദ്ധികളുണ്ട്. അവരുടെ താല്പര്യങ്ങള്‍ കേവലം അന്ധമായ കമ്യൂണിസ്റ്റ് വിരോധം മാത്രമാണ്.

മാത്രവുമല്ല സായുധകലാപത്തിലൂടെ അധികാരത്തിലേക്കെത്തുക എന്നതല്ല ലക്ഷ്യമെന്നും ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ ആയുധം ഉപയോഗിക്കേണ്ടി വരുമെങ്കിലും എല്ലായ്പ്പോഴും അത്തരമൊരു നയസമീപനം സ്വീകരിച്ചു കൂടായെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പകരം വ്യവസ്ഥകളെ ജനതയുടെ മുന്നേറ്റങ്ങളുടെ സഹായത്തോടെ മാറ്റിമറിയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

ഭഗത് സിംഗ് കമ്യൂണിസ്റ്റുകാരനാണോ എന്ന ചോദ്യത്തിന് അതെ അതെ എന്ന് അടിവരയിട്ടു പറയുന്നുണ്ട് അദ്ദേഹത്തിന്റെ ഓരോ എഴുത്തുകളും ലേഖനങ്ങളും മറ്റു കുറിപ്പുകളും. എന്നിട്ടും അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിക്കാനിക്കാനുള്ള വെമ്പലുകള്‍ക്ക് പിന്നില്‍ നിലകൊള്ളുന്ന സങ്കുചിതമായ താല്പര്യങ്ങളെ നാം മനസ്സിലാക്കുക തന്നെ വേണം. ഭഗത് സിംഗിനെപ്പോലെയുള്ളവരോട് നീതി പുലര്‍ത്തിക്കൊണ്ടുമാത്രമേ ഇന്ത്യക്ക് ഏതു കാലത്തും മുന്നോട്ടു പോകുവാന്‍ കഴിയുകയുള്ളു എന്നതാണ് വസ്തുത.

ഭഗത് സിംഗിന്റെ ലേഖനങ്ങള്‍ക്ക് അടിസ്ഥാനമാക്കിയ ഗ്രന്ഥം: സോഷ്യലിസ്റ്റ് ലിറ്ററേച്ചര്‍, എഡിറ്റര്‍ – പി.കെ. ശ്രീജിഷ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *