ആലുവ:
ആലുവയില്‍, ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളായ യാത്രക്കാര്‍ ഇറങ്ങി ഓടി. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന് എറണാകുളത്തേക്കുള്ള ‘അന്ത്യോദയ എക്‌സ്പ്രസ്’ എന്ന തീവണ്ടിയിലായിരുന്നു സംഭവം. മൂന്ന് കമ്പാര്‍ട്ട്മെന്റുകളില്‍നിന്ന് ഒരേസമയത്ത് ഇക്കൂട്ടർ ചങ്ങല വലിക്കുകയായിരുന്നു. എന്നാൽ, നിരവധി തൊഴിലാളികള്‍ ഇറങ്ങിയോടിയതിനാൽ, ഇവരിൽ ആർക്കെതിരേയാണ്, ചങ്ങല അനാവശ്യമായി വലിച്ച കുറ്റത്തിന് കേസെടുക്കണമെന്നറിയാതെ റെയില്‍വേ അധികൃതര്‍ കുഴഞ്ഞു.
പിന്നീട്, പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ സാഹിബുദ്ദീൻ എന്ന ആൾക്കെതിരെ പോലീസ് റെയില്‍വേ ആക്ട് 141 പ്രകാരം കേസെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ഒപ്പം, പിടികൂടിയ നൂറോളം ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒരു കൂട്ട ബോധവത്കരണം കൂടി റെയിൽവേ പോലീസ് നടത്തി. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് 20 മിനിറ്റോളം തീവണ്ടി ആലുവയില്‍ കിടന്നു.
ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള ഈ തീവണ്ടിയെ പ്രധാനമായും ആശ്രയിച്ചു വരുന്നവരാണ് പശ്ചിമ ബംഗാളിലെ തൊഴിലാളികൾ. എറണാകുളത്തേക്കുള്ള ഈ വണ്ടിയിലെ ഒട്ടുമിക്ക യാത്രക്കാര്‍ക്കും പെരുമ്പാവൂര്‍ അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പോകാന്‍ ആലുവയിൽ ഇറങ്ങുകയാണ് സൗകര്യം.
മുൻപും ഇത്തരത്തിൽ, പലതവണ യാത്രക്കാര്‍ ആലുവയില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തുകയും ഇറങ്ങിയോടുകയും ചെയ്തിട്ടുണ്ട്.
അന്ത്യോദയ എക്‌സ്പ്രസിലെ യാത്രക്കാരായ ഒട്ടുമിക്ക ഇതര സംസ്ഥാന തൊഴിലാളികൾക്കും ആലുവയിലാണിറങ്ങേണ്ടത്. അതേസമയം, ആലുവയില്‍ സ്റ്റോപ്പനുവദിക്കണമെന്ന വര്‍ഷങ്ങളായുള്ള ഈ ആവശ്യത്തെ പരിഗണിക്കാൻ റെയില്‍വേ അധികൃതർ ഇതുവരെ മനസുകാണിച്ചിട്ടുമില്ല.