ന്യൂഡല്‍ഹി:
രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വീണ്ടും യുദ്ധവിമാനം പറത്തി. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്ക്കൊപ്പമാണ് അഭിനന്ദന്‍ ഇന്ന് മിഗ് 21 യുദ്ധവിമാനം പറത്തിയത്. പഠാന്‍കോട്ട് എയര്‍ബേസില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ മിഗ് 21 ഫൈറ്റര്‍ വിമാനം പറത്തിയത്. മിഗ് 21 പൈലറ്റു കൂടിയായ എയര്‍ചീഫ് മാര്‍ഷല്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പതിനേഴാം സ്‌ക്വാഡ്രണിന്റെ തലവനായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാനെതിരായ ഇന്ത്യുയുടെ ഒരു സൈനിക നീക്കത്തിനിടെയാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്‍ സേനയുടെ പിടിയിലായത്. സംഘര്‍ഷത്തിനിടെ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങളെ തുരത്തുകയായിരുന്നു അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള ഫൈറ്റര്‍ പൈലറ്റുമാര്‍. ഇതിനിടെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനത്തിനു നേരെ പാകിസ്ഥാനും വെടിയുതിര്‍ത്തു. എന്നാല്‍ തകര്‍ന്ന വിമാനത്തില്‍ നിന്നും സ്വയം ഇജക്റ്റു ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാകിസ്ഥാന്‍ സേന യുദ്ധതടവുകാരനായി പിടികൂടുകയായിരുന്നു.
തുടര്‍ന്ന് വിഷയം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി. ജനീവാ കരാറിന്റെ നിബന്ധനകളും ഇന്ത്യ രാജ്യാന്തര തലത്തില്‍ നടത്തിയ ഇടപെടലുകളും വിട്ടയക്കല്‍ നടപടി വേഗത്തിലാക്കി. മൂന്നു ദിവസത്തിനു ശേഷം 2019 മാര്‍ച്ച് ഒന്നിന് അഭിനന്ദനെ വാഗാ അതിര്‍ത്തിയിലൂടെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. രാജ്യം അഭിനന്ദന് വീരചക്ര ബഹുമതി നല്‍കി ആദരിച്ചിട്ടുമുണ്ട്.
മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ അഭിനന്ദന്‍ വര്‍ത്തമാന് കൃത്യമായ ആരോഗ്യ പരിശോധനകള്‍ക്കു ശേഷമാണ് വ്യോമസേന വിമാനം പറത്താന്‍ വീണ്ടും അനുമതി നല്‍കിയത്. ബെംഗളുരുവിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എയ്‌റോസ്പേസിലെ മെഡിസിന്‍ വിഭാഗമാണ് കഴിഞ്ഞ മാസം ഇദ്ദേഹത്തിന് പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചത്.
ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മാര്‍ഷലായിരുന്ന സിങ്കക്കുട്ടി വര്‍ത്തമാന്റെ മകനായി 1983 ജൂണ്‍ 21ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്താണ് അഭിനന്ദന്‍ ജനിച്ചത്. വ്യോമസേനയുടെ ഏറെ ആദരവു നേടിയ വൈമാനികന്‍ ആറുമാസത്തിനു ശേഷം വര്‍ധിച്ച പോരാട്ട വീര്യവുമായി മടങ്ങിയെത്തിയത് ഇന്ത്യന്‍ വ്യോമസേനയ്ക്കു മുഴുവന്‍ വലിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.