കോട്ടയം :
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ ഉള്‍പ്പോര് തുടരുന്നു. ജോസ് കെ. മാണിയും പി.ജെ ജോസഫ് വിഭാഗവും തമ്മില്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. പാലായിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്ന വാദവുമായി ജോസ് കെ. മാണി രംഗത്തെത്തി. പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു.
ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കില്ലെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. യു.ഡി.എഫുമായുള്ള ധാരണയനുസരിച്ച് ഒരു പേര് തീരുമാനിച്ച് യുഡിഎഫിന് കൈമാറുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കരുനീക്കം ജോസ് കെ. മാണിക്കൊപ്പമുള്ളവര്‍ ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ രൂപീകരിച്ച ഏഴംഗ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയും നിഷ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടത്തുന്നത്. ഏഴംഗ സമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യു.ഡി.എഫ് നേതൃത്വത്തിന് കൈമാറാനുള്ള നീക്കത്തിലാണ്. ജോസ് കെ. മാണി വിഭാഗത്തിന് സമിതിയില്‍ മേല്‍ക്കൈ ഉള്ളതു കൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി കൂടുതല്‍ പരിഗണന നല്‍കുന്നത് നിഷാ ജോസിനാണ്. എന്നാല്‍ പി.ജെ ജോസഫിന്റെ എതിര്‍പ്പാണ് തടസമായി നില്‍ക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ രാഷ്ട്രീയമായി കൂടുതല്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ പലരുമുണ്ടെങ്കിലും അവരെയെല്ലാം തഴഞ്ഞ് നിഷ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കി കുടുംബ വാഴ്ച ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ജോസ് കെ. മാണി വിഭാഗം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റു പ്രതീക്ഷിച്ചിരുന്ന പി.ജെ ജോസഫിനെ യു.ഡി.എഫ് നേതാക്കളുടെ സമ്മര്‍ദ്ദം കൂടി ഉപയോഗപ്പെടുത്തി നയപരമായി ഒതുക്കിയാണ് അന്ന് മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ഇത്തവണ പാലാ ഉപതെരഞ്ഞെടുപ്പിലും സമാന തന്ത്രമാണ് മകന്‍ ജോസ് കെ. മാണിയും പയറ്റുന്നത്. പി.ജെ ജോസഫിനെയും കൂട്ടരെയും പാര്‍ലമെന്ററി ജനാധിപത്യ രംഗത്തു നിന്നും തന്ത്രപൂര്‍വം മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നാണ് ആരോപണം. പി.ജെ ജോസഫ് എതിര്‍പ്പു ശക്തമാക്കിയാല്‍ യു.ഡി.എഫ് നേതാക്കളെ രംഗത്തിറക്കി അനുനയിപ്പിക്കാനാണ് ജോസ് കെ. മാണിയുടെ നീക്കം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിനായി യു.ഡി.എഫ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാവരുമായും ചര്‍ച്ച ചെയ്ത് തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷം യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് പക്ഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കട്ടെയെന്നും അതിന് ജോസഫ് പക്ഷം പാര്‍ട്ടി ചിഹ്നമായ രണ്ടില നല്‍കി അംഗീകരിക്കട്ടെ എന്നും യു.ഡി.എഫ് ഒരു സമവായ നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. അതേസമയം നിഷ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്താവും ജോസഫ് പക്ഷത്തിന്റെ പ്രതികരണം എന്നത് നിര്‍ണായകമാണ്. പാര്‍ട്ടി ചിഹ്നം അംഗീകരിക്കേണ്ടത് പി.ജെ ജോസഫ് ആയതിനാല്‍ ഒത്തു താര്‍പ്പിനായി മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേര് ഉയര്‍ന്നു വരാനും സാധ്യതയുണ്ട്. നിഷയല്ലാതെ മറ്റൊരു പേര് തീരുമാനിക്കപ്പെട്ടാല്‍ അത് രാഷ്ട്രീയമായി പി. ജെ ജോസഫിന് തന്നെയാകും നേട്ടമാവുക. മാണിയുടെ കുടുംബത്തിന് വെളിയില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ അതിന് കാരണക്കാരന്‍ എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫിന് സ്വാധീനം വര്‍ധിക്കും. കുടുംബ വാഴ്ചയ്ക്ക് തടയിട്ട നേതാവ് എന്ന നിലയില്‍ തന്നെയാകും മറ്റു കേരള കോണ്‍ഗ്രസ് നേതാക്കളും ജോസഫിനെ കാണുക.
ഇതിനിടെ ജോസ് കെ. മാണി വിഭാഗം തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണമെന്നും, പാര്‍ട്ടി ചിഹ്നം നല്‍കണമെന്നും ജോസിനൊപ്പമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. പി.ജെ ജോസഫ് പാര്‍ട്ടി ചിഹ്നം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ പി.ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന് ഒപ്പമുള്ളവര്‍ ജോസ് കെ. മാണിയെ ഉപദേശിച്ചതായും സൂചനയുണ്ട്.
ഇ.ജെ. അഗസ്തി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാല്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. തര്‍ക്കം മുറുകുകയാണെങ്കില്‍ ഇതില്‍ ഇരുവിഭാഗത്തിനും സമ്മതരായ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ച ശേഷം പേര് യു.ഡി.എഫിന് കൈമാറിയേക്കുമെന്നാണ് സൂചന. അതേസമയം വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താന്‍ നിശ്ചയിക്കുമെന്ന തീരുമാനത്തില്‍ ജോസഫ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇതുവരെ കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളുണ്ടായപ്പോഴെല്ലാം പി.ജെ ജോസഫിനെ അനുനയിപ്പിച്ച് ഒതുക്കാന്‍ യു.ഡി.എഫ് നേതാക്കളും കൂട്ടു നിന്നിട്ടുണ്ട്. എന്നാല്‍ കെ.എം മാണിക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന പോലെ ജോസ് .കെ മാണിക്ക് യു.ഡി.എഫ് നേതാക്കളെ തനിക്കനുകൂലമായി നിര്‍ത്താന്‍ കഴിയുമോ എന്നതാണ് പാലായിലെ കാര്യത്തില്‍ നിര്‍ണായകമാവുക.
അതേസമയം ജോസ് കെ. മാണിക്കൊപ്പമുള്ളവര്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം പാലാ സീറ്റ് കെ.എം. മാണിയുടേതാണ് എന്നതാണ്. അതില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് തങ്ങള്‍ തന്നെയായിരിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ തര്‍ക്കം നീണ്ടു പോകാതെ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും കോണ്‍ഗ്രസും. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി എന്‍.സി.പി യിലെ മാണി സി. കാപ്പന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞതും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞു ചേരുന്ന യു.ഡി.എഫ് നേതാക്കളുടെ അനൗദ്യോഗിക യോഗം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്നാണ് സൂചന.