Fri. Nov 22nd, 2024
കോട്ടയം:

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒടുവിൽ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലായിരിക്കും പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു.

കെ.എസ്.എസ്.സിയിലൂടെ രാഷ്ട്രീയജീവിതമാരംഭിച്ച ജോസ് ടോം പുലിക്കുന്നേല്‍, മാണി കുടുംബത്തിന്റെ വിശ്വസ്തന്മാരിലൊരാളാണ്. മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ അംഗവുമായിരുന്ന പുലിക്കുന്നേൽ, നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.

നിഷ ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത കണ്ടുവെങ്കിലും ജോസഫ് വിഭാഗത്തിന്റെ കടുംപിടുത്തത്തെ പ്രതി മറ്റൊരാളിലേക്ക് സ്ഥാനാർഥി തിരഞ്ഞെടുപ്പ് അകറ്റിക്കൊണ്ടുപോകുവാൻ ജോസ് കെ. മാണി വിഭാഗം നിർബന്ധിക്കപ്പെടുകയായിരുന്നു. തിരഞ്ഞെടുക്കാപ്പെടുന്നയാൾ, ജോസഫ് വിഭാഗത്തിനും ഒത്തുപോകാൻ പോന്ന ഒരാളാവണമെന്ന് യു.ഡി.എഫ് നേതൃത്വവും അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കുന്നതായി പി.ജെ.ജോസഫ് പറഞ്ഞു. രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിലും മത്സരിക്കുമെന്ന് സ്ഥാനാർഥി പറഞ്ഞ സ്ഥിതിക്ക് ചിഹ്നം നൽകേണ്ട പ്രശ്നം ഉദിക്കുന്നില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തിനു പിന്നാലെ മാധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, പാലായിൽ കെ.എം.മാണിയെ ചിഹ്നമാക്കി മത്സരിച്ചാലും താൻ വിജയിക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചിരുന്നു.

നിഷ ജോസ് കെ.മാണിക്കു ജയസാധ്യതയുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു ചർച്ചയ്ക്കു മുൻപു പി.ജെ.ജോസഫിന്റെ മറുപടി. ചിഹ്നം ജയസാധ്യതയുള്ള സ്ഥാനാർഥിക്കു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *