കൊച്ചി:
കൊച്ചി മെട്രോയുടെ മഹാരാജാസ്-തൈക്കൂടം സര്‍വീസ് സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിക്കും. യാത്രക്കാർക്കായി നിരവധി നിരക്കിളവുകളുമായാണ് കൊച്ചി മെട്രോയുടെ ഇത്തവണത്തെ ഓണാഘോഷം, ഈ മാസം നാലു മുതല്‍ 18 വരെയുള്ള 14 ദിവസമാണ് യാത്രാ നിരക്കില്‍ കെ.എം.ആര്.എല്‍. ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 ശതമാനമാണു നിരക്കിളവ്.
ക്യു.ആര്. കോഡ്. ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാർക്കാവും ഈ മാസം 18 വരെ ഇളവു ലഭ്യമാകുന്നത്. ട്രിപ്പ് പാസ് ഉള്ള യാത്രക്കാര്‍ക്കും 50 ശതമാനം നിരക്കു കാഷ് ബാക്കായി തിരികെ ലഭിക്കും. കൂടാതെ, 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിംഗും സൗകര്യം സൗജന്യമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മഹാരാജാസ്-തൈക്കൂടം പാതയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നഴ്സുമാര്‍ക്കൊപ്പം പ്രത്യേകയാത്ര നടത്തുന്നതോടുകൂടിയായിരിക്കും പുതിയ പാത തുറക്കുക.
ആദ്യ ദിനം നഴ്സുമാര്‍ക്കു സൗജന്യ യാത്രയാണ് കെ.എം.ആര്.എല്‍. പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസം കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്ന നഴ്സുമാര്‍ക്കു കാഷ് ബാക്കും ലഭിക്കുന്നതായിരിക്കും.