ന്യൂഡൽഹി:
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ, മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തമ്മിൽ ഗൗരവമേറിയ വാഗ്‌വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആറുവര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുത്തനെ ചലിക്കുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്, ഇതിനു കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളാണെന്നും മനുഷ്യനിര്‍മ്മിതമായ ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ പ്രതികാര രാഷ്ട്രീയം നാം മാറ്റിവയ്ക്കണമെന്നും വിവേകപരമായ ചിന്തകളിലേക്ക് എത്തിച്ചേരാൻ നമ്മൾ ശ്രമിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായ് അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ, രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും പിന്തുണയോ സഹായമോ ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും മേഖലയില്‍നിന്ന് ശബ്ദമുയർന്നാൽ അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാൻ സര്‍ക്കാര്‍ തയ്യാറാണ് എന്നും ഇനി, സര്‍ക്കാരുമായി ചർച്ചകളിൽ ഏർപ്പെടാനാണ് അവർക്ക് താത്പര്യമെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2019-20) ആദ്യ പാദത്തില്‍ അഞ്ച് ശതമാനം മാത്രമാണ്. കഴിഞ്ഞ പാദത്തില്‍ ഇത് 5.8 ശതമാനവും 2018 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനവുമായിരുന്നു.
നിലവിൽ, ജി.എസ്.ടി നിരക്ക് കുറയ്ക്കല്‍ തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ല എന്നാണു പക്ഷെ ധനമന്ത്രി അഭിപ്രായപ്പെടുന്നത്. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് നിർമല സീതാരാമൻ അറിയിച്ചത്.
എന്നാൽ, ജി.എസ്.ടിയുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഇപ്പോഴും രാജ്യം കരകയറിയിട്ടില്ല, അതിനിടെ ഇടയ്ക്കിടെ കൊണ്ട് വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാമ്പത്തിക വ്യവസ്ഥയെ തുണയ്ക്കില്ല എന്നാണ്, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിങ് വിമര്‍ശിക്കുന്നത്.
ഇത്തരത്തിൽ രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. കഴിഞ്ഞ പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമാണ്. ഇത് ദീര്‍ഘകാല മാന്ദ്യത്തിലേക്ക് നയിക്കാനിടയാക്കുമെന്നാണ് മൻമോഹൻ സിംഗിന്റെ അഭിപ്രായം.
ബിസ്‌ക്കറ്റുകള്‍ മുതല്‍ കാറുകൾ വരെയുള്ളവയുടെ വില്‍പ്പനയിടിഞ്ഞിരിക്കുന്നതും, എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിക്കുകയാണെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധരുടെ കണ്ടെത്തൽ.
എങ്കിലും, നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനുമായി, നാല് മേഖലകളിലെ വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ കുറയ്ക്കുക , ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ വിദേശ നിക്ഷേപത്തിലെ ഉയര്‍ന്ന നികുതി എടുത്തുകളയുക, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പരിഷ്‌കരണങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുക തുടങ്ങി ഏതാനും നടപടികൾ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. എങ്കിലും, അതിനു പിന്നാലെയാണ് സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ മന്‍മോഹന്‍ സിങ് വിമര്‍ശനവുമായി മുന്നോട്ടുവന്നിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.
[…] കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്ന […]