വെബ് ഡെസ്‌ക്:
ആവശ്യത്തിന് മഴ ലഭിച്ചതോടെ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ പലയിടത്തും കഞ്ചാവു ചെടികള്‍ തഴച്ചു വളരുകയാണ്. പലയിടത്തും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം വിത്തുകള്‍ വീണ് മുളച്ചതാണെന്നാണ് കരുതുന്നത്. ചിലയിടങ്ങളില്‍ കഞ്ചാവു ചെടികള്‍ നട്ടു വളര്‍ത്തുന്നതായും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഞ്ചാവിന്റെ വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഇത് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം തൃശൂരിലും തിരുവനന്തപുരത്തും ഇത്തരത്തില്‍ കഞ്ചാവു ചെടികള്‍ വളര്‍ന്നത് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.
തൃശൂരില്‍ കഴിഞ്ഞ ദിവസം കഞ്ചാവ് ചെടികള്‍ വളര്‍ന്നതായി കണ്ടെത്തിയത് പാറമേക്കാവ് ക്ഷേത്ര വളപ്പിലായിരുന്നു. ക്ഷേത്രത്തിലെ ആനയെ കെട്ടുന്ന ഭാഗത്ത് പാതയോട് ചേര്‍ന്ന് കാടുപിടിച്ചു കിടന്ന സ്ഥലത്താണ് നിറയെ ശാഖകളുള്ള രണ്ടു കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. ഒന്‍പത് അടിയും അഞ്ച് അടിയും വീതം ഉയരമുള്ള ചെടികളാണ് ഇവിടെ വളര്‍ന്നിരുന്നത്. ക്ഷേത്ര വളപ്പിലെ പൊന്തക്കാട്ടില്‍ ഒരാളിനേക്കാള്‍ ഉയരത്തില്‍ തഴച്ചു വളരുകയായിരുന്നു ചെടികള്‍. ഓണത്തിനു മുന്നോടിയായി കാടു വെട്ടി തെളിക്കുന്നതിനിടെ തൊഴിലാളികളാണ് ചെടികള്‍ ആദ്യം കണ്ടത്. സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്രം അധികൃതരെ വിവരമറിയിച്ചു തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ വന്ന് പരിശോധിച്ച ശേഷം ചെടികള്‍ കഞ്ചാവു തന്നെയാണെന്ന് സ്ഥിരീകരിച്ചു. കഞ്ചാവ് നട്ടു വളര്‍ത്തിയതായിരിക്കില്ല എന്നും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്നും വളര്‍ന്നതാകാനാണ് സാധ്യതയെന്നും എക്‌സൈസ് സംഘം പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പറിച്ചെടുത്ത ചെടികള്‍ പിന്നീട് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചു.
ഒരാഴ്ച മുമ്പ് തൃശൂരില്‍ തന്നെ കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങിലെ റോഡരികില്‍ കഞ്ചാവു ചെടി വളരുന്നത് കണ്ടെത്തിയിരുന്നു. കാര പുതിയറോഡ് ബസ് സ്‌റ്റോപ്പിന് സമീപം റോഡരികിലെ മതിലിനോട് ചേര്‍ന്നാണ് മൂന്നടിയോളം ഉയരമുള്ള കഞ്ചാവു ചെടി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവു ചെടി കസ്റ്റഡിയിലെടുത്തു. കഞ്ചാവിന്റെ അവശിഷ്ടങ്ങള്‍ വീണ് മുളച്ചതാവാം ഇതെന്നാണ് നിഗമനം.
തിരുവനന്തപുരത്ത് പാര്‍വതി പുത്തനാറിന്റെ തീരത്തായി പൗണ്ട് കടവ് എന്ന സ്ഥലത്താണ് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. 97 സെന്റീ മീറ്ററും, 68 സെന്റീമീറ്ററും വീതം ഉയരമുള്ള രണ്ടു ചെടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ചെടികള്‍ക്ക് രണ്ടു മാസത്തോളം വളര്‍ച്ചയുണ്ടെന്ന്
എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ എക്‌സൈസ് വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അഞ്ചു ദിവസം മുമ്പ് മലപ്പുറം തീരൂരില്‍ നിന്നും കഞ്ചാവു ചെടി കണ്ടെത്തിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് തിരൂര്‍ മത്സ്യ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന തിരൂര്‍ കോംപ്ലക്‌സിന് മുകളില്‍ നിന്നും ഒരു മീറ്ററോളം നീളമുള്ള കഞ്ചാവു ചെടി കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഉടമയുമായി ചെടിക്ക് ബന്ധമുണ്ടോ മറ്റാരെങ്കിലും നട്ടുവളര്‍ത്തിയതാണോ എന്നും എക്‌സൈസ് അന്വേഷിച്ചു വരുന്നുണ്ട്.
മൂന്നാഴ്ചകള്‍ക്കു മുമ്പ് പുത്തനത്താണിക്കടുത്ത് കുറ്റിക്കല്ലത്താണിയില്‍ റോഡരികില്‍ നിന്നും പത്തോളം കഞ്ചാവു ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തു നിന്നുമാണ് 25 സെന്റീമീറ്റര്‍ മുതല്‍ 150 സെന്റീ മീറ്റര്‍ വരെ വലുപ്പമുള്ള കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ നട്ടു വളര്‍ത്തിയതാണോ കഞ്ചാവു തോട്ടം എന്നും എക്‌സൈസ് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ മെയ് മാസത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് ആറടിയോളം ഉയരത്തില്‍ കഞ്ചാവു ചെടി വളരുന്നത് കുറ്റിപ്പുറത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തിരുനാവായ ബന്ദര്‍ കടവിന് സമീപമാണ് ചാക്കില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവു ചെടി കണ്ടെത്തിയത്. ഈ സംഭവത്തില്‍ കുറ്റിപ്പുറം പ്രദേശത്തെ ലഹരി വില്‍പന മാഫിയയെ കേന്ദ്രീകരിച്ചും, ഭാരതപ്പുഴയില്‍ മണല്‍ കടത്തിനായി എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.
പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവു ചെടികള്‍ വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ അറിയാതെ പോലും തങ്ങളുടെ പുരയിടത്തില്‍ കഞ്ചാവു ചെടികള്‍ വളരുന്നുണ്ടോ എന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.