Fri. Nov 22nd, 2024
ഡെറാഡൂണ്‍:

മലയാളി യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് 485 കോടിയുടെ ബിറ്റ്കോയിന്‍ തട്ടിയെടുക്കാനെന്ന് പോലീസ്. മലപ്പുറം വടക്കന്‍ പാലൂര്‍ സ്വദേശി മേലേപീടിയേക്കല്‍ അബ്ദുള്‍ ഷുക്കൂര്‍ (25) ആണ് ബുധനാഴ്ച ഡെറാഡൂണില്‍ കൊല്ലപ്പെട്ടത്. കോടികളുടെ ബിറ്റ്കോയിന്‍ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനെന്നു സംശയിക്കപ്പെടുന്നയാളാണ് ഷുക്കൂര്‍.

കൊലപാതകവുമായി ബന്ധപ്പെട്ട് ഷുക്കൂറിന്റെ സുഹൃത്തുക്കളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സ്വദേശികളായ ആഷിഖ്, ആര്‍ഷാദ്, യാസിന്‍, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. ക്രൂരമായി മര്‍ദിച്ച ശേഷം ഗുരുതരമായി പരിക്കേറ്റ ഷുക്കൂറിനെ ഇവര്‍ ഡെറാഡൂണ്‍- മുസൂറി റോഡിലുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.

ബിസിനസ് പങ്കാളികളായ ഇവരുള്‍പ്പെടെ ഷുക്കൂറിന്റെ സുഹൃത്തുക്കളും മലയാളികളുമായ പത്തോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂണ്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അരുണ്‍ മോഹന്‍ ജോഷി പറഞ്ഞു. പാണ്ടിക്കാട്, മഞ്ചേരി, മലപ്പുറം സ്വദേശികളാണ് പ്രതികളെല്ലാം. ആഷിഖ്, അര്‍ഷാദ്, ഷിഹാബ്, മുനീഫ്, യാസിന്‍, സുഫൈല്‍ മിക്തര്‍, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്നൂണ്‍, സി.അരവിന്ദ്, അന്‍സിഫ് അലി എന്നിവരാണ് പ്രതികളെന്നും പൊലീസ് വ്യക്തമാക്കി.

മലപ്പുറം സ്വദേശിയായ ഷുക്കൂര്‍ പിതാവ് മുഹമ്മദിന്റെ സ്വദേശമായ കാസര്‍കോഡ് കേന്ദ്രീകരിച്ച് ബിറ്റ്‌കോയിന്‍ ബിസിനസ് നടത്തി വന്നിരുന്നു. ഇതിനിടെ ബിറ്റ്കോയിന്റെ മൂല്യം വന്‍ തോതില്‍ ഇടിഞ്ഞു. നിക്ഷേപകരെല്ലാം പണം ആവശ്യപ്പെടാനും തുടങ്ങി. നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ ഷുക്കൂറും ബിസിനസ് പങ്കാളികളായ കൂട്ടുകാരും ചേര്‍ന്ന് ആഗസ്റ്റ് 12ന് ഡെറാഡൂണില്‍ വിദ്യാര്‍ഥിയായ മറ്റൊരു സുഹൃത്ത് യാസിന്റെ അടുത്തേക്ക് പോയി.

തുടര്‍ന്ന് ആഷിഖും ഷുക്കൂറും ചേര്‍ന്ന് ഡെറാഡൂണില്‍ താമസിക്കാനായി ഒരു വാടക വീട് അന്വേഷിച്ചു. ആഗസ്റ്റ് 20ന് പ്രേംനഗര്‍ പ്രദേശത്തെ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. പിന്നീട് ആഗസ്റ്റ് 26നാണ് മറ്റു കൂട്ടുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നത്.

തന്റെ ബിറ്റ്കോയിന്‍ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ഷുക്കൂര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ ലാഭത്തില്‍ നിന്ന് നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നും ഷുക്കൂര്‍ പറഞ്ഞു. എന്നാല്‍ കോടികള്‍ മൂല്യമുള്ള ബിറ്റ്കോയിന്‍ ഷുക്കൂറിന്റെ കൈവശം ഉണ്ടെന്ന വിവരം സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. ഈപണം ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള നീക്കമാണ് ഷുക്കൂര്‍ നടത്തുന്നതെന്നും കൂട്ടുകാര്‍ സംശയിച്ചിരുന്നു. പാസ് വേഡ് കിട്ടിയാല്‍ പണം തങ്ങള്‍ക്കു സ്വന്തമാക്കാം എന്നായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍.

ഇതോടെ ഷുക്കൂറില്‍ നിന്നും പാസ് വേഡ് സ്വന്തമാക്കി പണം തട്ടാന്‍ ആഷിഖും സുഹൃത്തുക്കളും പദ്ധതിയിട്ടു. ഇതിനായി ആഗസ്റ്റ് 26ന് ഡെറാഡൂണിലുള്ള യാസിന്റെ വീട്ടില്‍വെച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ഷുക്കൂറിനെ ക്രൂരമായി മര്‍ദിച്ചു. മൂന്ന് ദിവസത്തോളം മര്‍ദനം തുടര്‍ന്നെങ്കിലും ഷുക്കൂറില്‍ നിന്നും പാസ്വേഡ് ലഭിച്ചില്ല. മര്‍ദനമേറ്റ് അവശനായ ഷുക്കൂറിനെ പ്രതികളില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കും മുമ്പുതന്നെ ഷുക്കൂര്‍ മരിച്ചിരുന്നു. പരിശോധനയില്‍ ഷുക്കൂര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചതോടെ ഇവര്‍ മുങ്ങി.

പിന്നീട് ആശുപത്രി അധികൃതര്‍ സംഭവം പോലീസിനെ അറിയിക്കുകയും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. മറ്റ് അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഡെറാഡൂണ്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഷുക്കൂര്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അബ്ദുള്‍ ഷുക്കൂറും ഇയാളുടെ പിതാവിന്റെ മറ്റൊരു ഭാര്യയിലുള്ള മകനും ചേര്‍ന്ന് മലേഷ്യന്‍ ബിറ്റ് കോയിന്റെ പേരില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമായി 300 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. ബിറ്റ്കോയിന്‍ തട്ടിപ്പിനിരയായി കോടികള്‍ നഷ്ടപ്പെട്ട നൂറോളം പേര്‍ കഴിഞ്ഞ ജനുവരിയില്‍ ഷുക്കൂറിന്റെ പിതാവിന്റെ കാസര്‍കോട് മുളിയാര്‍ മുതലപ്പാറയിലുള്ള വീട്ടിലെത്തിയിരുന്നു. എന്നാല്‍ പോലീസ് ഇയാള്‍ക്ക് സംരക്ഷമവുമായി എത്തിയതോടെ നിക്ഷേപകര്‍ മടങ്ങി. തട്ടിപ്പിനിരയായവര്‍ നേരത്തേ ആദൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സംഭവം നടന്നത് മറ്റു സ്ഥലങ്ങളിലായതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല

ബിറ്റ് കോയിന്‍

ബാങ്കുകളുടെ സഹായമില്ലാതെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബിറ്റ് കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ക്രിപ്റ്റോ കറന്‍സി എന്നും അറിയപ്പെടുന്നുണ്ട്. ബിറ്റ്കോയിന്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സൈറ്റിലൂടെ ബിറ്റ്കോയിന്‍ വാലറ്റ് സ്വന്തമാക്കുകയാണ് ആവശ്യക്കാര്‍ ചെയ്യുന്നത്. ഡോളറിനെ അടിസ്ഥാനമാക്കിയാണ് ബിറ്റ് കോയിന്റെ മൂല്യം നിര്‍ണയിക്കുന്നത്.

ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ പലരും മറ്റു കറന്‍സികളില്‍ നിക്ഷേപം നടത്തുന്നതുപോലെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനിലും നിക്ഷേപം നടത്തിയിരുന്നു. നേരത്തേ ബിറ്റ്‌കോയിനിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടിരുന്നപ്പോഴാണ് നമ്മുടെ നാട്ടിലും നിരവധി പേര്‍ ഇതില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയത്. എന്നാല്‍ അടുത്ത കാലത്തായി ബിറ്റ് കോയിന്റെ മൂല്യം മുന്‍പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നോളമായി കുറഞ്ഞിരുന്നു. ഇതോടെയാണ് നിക്ഷേപകര്‍ പിന്‍വലിയാനും തുടങ്ങി. ഭരണ കൂടങ്ങള്‍ക്കോ ബാങ്കുകള്‍ക്കോ നിയന്ത്രിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇന്ത്യയില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ അനുവദിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *