Sat. Apr 27th, 2024

ഗെയ്ൽ ഇല്ലാത്ത വെസ്റ്റ് ഇൻഡീസ് ടീമിലെ രാക്ഷസനായാണ് ആന്ദ്രേ റസ്സൽ കണക്കാക്കപെടുന്നത്. വെസ്റ്റ് ഇൻഡീസ് പര്യാടനത്തിൽ, താരം ഇന്ത്യയ്ക്ക് തലവേദനയാവുമെന്ന് കരുതുമ്പോഴാണ് ആ വാർത്ത എത്തിയത്.
ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സൽ കളിക്കാനുണ്ടാകില്ലെന്നതാണ് ആ വാർത്ത. വെള്ളിയാഴ്ച വൈകിട്ട്, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ്, പരിക്ക് മൂലം റസ്സലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി എത്തുന്നത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങി.

ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍, ക്രിസ് ഗെയിലിന്റെ ടീമായ വാന്‍ കൂവര്‍ നൈറ്റ്സിന് വേണ്ടിയാണ് റസ്സല്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ റസല്‍, റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു. എന്നാൽ, പരിക്ക് മൂലം ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട റസ്സല്‍, പിന്നീട് കാനഡ ടി20 ലീഗില്‍ കളിച്ചത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഇപ്പോൾ.

സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാൾ, പണത്തിന് പ്രാധാന്യം നല്‍കുകയാണോ റസ്സല്‍ ചെയ്തത്, എന്ന ആശയകുഴപ്പത്തിലായിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. കഴിഞ്ഞ സീസണിൽ , ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി അപ്രതീക്ഷിത വിജയങ്ങൾ നേടിക്കൊടുത്ത് താരം ഇന്ത്യൻ ആരാധകരുടെ മനസ്സിലും കയറി പറ്റിയിരുന്നു. റസ്സലിന് പകരക്കാരനായി ജേസണ്‍ മൊഹമ്മദാണ് ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *