കൊച്ചി:
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ. ആയ വി.എസ്. നവാസിനെ വ്യാഴാഴ്ച (ജൂൺ 13) മുതൽ കാണാതായതായി പരാതി.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്.
ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.
മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം സബ് ഡിവിഷനുകളുമായി ബന്ധപ്പെട്ട് രാത്രികാല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി (സബ് ഡിവിഷന്‍ ചെക്കിംഗ്) ബുധനാഴ്ച രാത്രി 11 കഴിഞ്ഞ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ്സ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായി.
ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്.എം.എസ് സന്ദേശം അയച്ചതായും സൂചനയുണ്ട്. താൻ പോവുകയാണെന്നും വിഷമിക്കരുതെന്നുമാണ് ഭാര്യയ്ക്ക് ലഭിച്ച സന്ദേശം. മേലുദ്യോഗസ്ഥനുമായുള്ള തർക്കത്തിൽ ഇദ്ദേഹത്തിനു കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നതായും ഭാര്യ പരാതിയിൽ പറയുന്നുണ്ട്.
മട്ടാഞ്ചേരി സി.ഐ. ആയി ചുമതല ഏൽക്കാൻ ഇരിക്കേയാണ് ഈ തിരോധാനം. വളരെ സമർത്ഥനായ ഉദ്യോഗസ്ഥനാണ് വി.എസ്. നവാസെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ചേർത്തല സ്വദേശിയാണ് ഇദ്ദേഹം.
ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐ.ജി. വിജയസാക്കറെ അറിയിച്ചു.
സി.ഐയുടെ ഭാര്യയുടെ പരാതിയില്‍ എഫ്.ഐ.ആർ. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സി.ഐയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഐ.ജി. വ്യക്തമാക്കി.