Wed. Jan 22nd, 2025

എല്ലാത്തിന്റെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നായിരുന്നു. “ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ഉത്തരത്തിൽ നിന്നല്ല, ചോദ്യത്തിൽ നിന്നാണ്.” എന്നാണ് ഫ്രഞ്ച് ഫിലോസഫറും എഴുത്തുകാരനുമായ വോൾട്ടെയർ പറഞ്ഞത്. ഒരു റസ്റ്റോറന്റിൽ നൽകിയ ഒരു കപ്പ് ചായയുടെ വില ചോദിച്ചതിനാണ് കാശ്മീരിലും ഒരു 20 വയസ്സുകാരി വിലയിരുത്തപ്പെട്ടത്. ആ ചോദ്യമിപ്പോൾ കാശ്മീരിൽ വിവാദമായിരിക്കുകയാണ്. എഴുത്തുകാർ, കവികൾ, ഫെമിനിസ്റ്റുകൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, സർക്കാരുദ്യോഗസ്ഥർ എന്നിവർ ആ ചോദ്യം ഏറ്റെടുക്കുകയും, രണ്ടു ചേരികളായി അഭിപ്രായം നടത്തുകയും ചെയ്യുന്നു.

ഇത് കാശ്മീരായതുകൊണ്ടുതന്നെ എന്തെങ്കിലും സംഭവിച്ചാൽ അത് ഇവിടെത്തന്നെ ഒതുങ്ങുന്നില്ല. ഇതിലുൾപ്പെട്ടവർ ഇന്ത്യയേയും പാക്കിസ്ഥാനേയും അതിൽ ഉൾപ്പെടുത്തും.

കാശ്മീരിലെ റസിഡൻസി റോഡിലെ ഝേലം നദിയ്ക്ക് അഭിമുഖമായി നിൽക്കുന്ന “ചായ് ജായ്” എന്ന, മനോഹരമായി അലങ്കരിച്ച റസ്റ്റോറന്റിലാണ് ഈ കഥ തുടങ്ങുന്നത്. ധാനിബോയ് ബിൽഡിങ്ങിൽ മഹത്ത ആൻഡ് കമ്പനി സ്റ്റുഡിയോയുടെ തൊട്ടടുത്താണ് റസ്റ്റോറന്റ്. കാശ്മീരിന്റെ സംസ്കാരം വിളിച്ചോതുന്ന, മഹത്തയുടെ ചിത്രങ്ങളുടെ ഒരു വലിയ ശേഖരം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

റെസ്റ്റോറന്റിലെ മെനുവിൽ അവിടെ 32 തരം ചായ കിട്ടുമെന്ന് അവകാശപ്പെടുന്നുണ്ട്. കാശ്മീരിൽ ലഭിക്കുന്ന പലതരം ചായകളും അവിടെ ലഭിക്കും. പണക്കാരും, പ്രശസ്തരും, വലിയവരും ചെറിയവരും തുടങ്ങി എല്ലാത്തരം ആളുകളും ഇവിടെ എത്താറുണ്ട്.

ചായ് ജായ് റസ്റ്റോറന്റിന്റെ ഉടമയായ റൂഹി നാസ്കി, ചായപ്പാത്രങ്ങളുടേയും റസ്റ്റോറന്റിന്റേയും ചിത്രങ്ങൾ, തന്റെ ട്വിറ്ററിൽ പോസ്റ്റു ചെയ്തിരുന്നു. അതുകണ്ട ഒരു പെൺകുട്ടി റസ്റ്റോറന്റിൽ നൽകുന്ന ഒരു കപ്പ് ചായയുടെ വില ചോദിച്ചു. “ഈ ചോദ്യം ചോദിക്കുന്നതിനുപകരം, ഭിക്ഷയെടുക്കുകയാണു നീ ചെയ്യേണ്ടത്” എന്നാണ് റെസ്റ്റോറന്റ് ഉടമസ്ഥ പറഞ്ഞത്. അവർ അവിടം കൊണ്ടു നിർത്തിയില്ല. അവർ ആ പെൺകുട്ടിയെ സബ്‌സിഡി ബാസ് എന്നു വിളിച്ചു. അതായത് വിലക്കുറവുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന ആൾ എന്നർത്ഥം.

ആ പെൺകുട്ടിയുടെ ചോദ്യം വലിയ കോളിളക്കമുണ്ടാക്കി. ഡൽഹിയിൽ നിന്ന് കാശ്മീരിന്റെ കാര്യത്തിൽ അടുത്ത നടപടി എന്താണെന്ന് ചിന്തിച്ചിരുന്ന മനുഷ്യരൊക്കെ ഇപ്പോൾ മുഴുവൻ സമയവും ആ ചായക്കട ഉടമസ്ഥയുടെ പ്രതികരണത്തെക്കുറിച്ചാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങൾ എല്ലാം മറന്നിരിക്കുന്നു. ജമ്മു ആൻഡ് കാശ്മീർ ബാങ്കിൽ നടന്ന റെയ്‌ഡിനെക്കുറിച്ചുപോലും മറന്ന് എല്ലാവരുമിപ്പോൾ ചായ് ജായ് യെക്കുറിച്ചാണ് സംസാരിക്കുന്നത്.

ഒരു സ്ത്രീ സംരംഭക ആയതുകൊണ്ട് അവരെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഇപ്പോൾ കടയുടമസ്ഥ പറയുന്നത്. രണ്ടുവർഷം മുൻപ് ആരംഭിച്ച ആ കടയെ ഒരു പ്രതീകം എന്നാണ് അവർ വിളിക്കുന്നത്. ജനങ്ങൾ അതിനെതിരാണെന്നും അവർ ആരോപിക്കുന്നു.

പലരും ആ സംഭവത്തിൽ ആ സ്ത്രീയ്ക്കൊപ്പം നിന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്നും അതുപോലെത്തന്നെ കാണണമെന്നും അവർ വാദിക്കുന്നു.

ഖാനാ ജംഗി ഒരു ശീലമായി മാറ്റിയിരിക്കുകയാണെന്ന് ഒരാൾ പറഞ്ഞു. ഖാനാ ജംഗി എന്നാൽ ആഭ്യന്തര യുദ്ധം. അത് ചർച്ചകളുടെ തീക്ഷ്ണത കൂട്ടി.

കുറേ ദിവസങ്ങൾക്കുശേഷം, കടയുടമസ്ഥ “സോഷ്യൽ മീഡിയ കമ്മ്യൂണിറ്റി ഓഫ് ചായ് ജായ്” ൽ ഒരു പ്രസ്താവന പോസ്റ്റു ചെയ്തു. കഴിഞ്ഞ കുറേ ആഴ്ചകളായിട്ട് റെസ്റ്റോററ്റിന്റെ പേരു കളങ്കപ്പെടുത്താൻ പല “ഇസ”ങ്ങളും (എലൈറ്റിസം, ക്യാപിറ്റലിസം, ഫെറ്റിഷിസം) പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയിൽപ്പറയുന്നു.

ചായ് ജായ് ൽ നടത്താനിരുന്ന, അന്തർദ്ദേശീയ ഫോറം സംഘടിപ്പിച്ച ഒരു കവിതാ സമ്മേളനത്തിനെ ട്വിറ്ററിൽ ആളുകൾ പരിഹസിച്ചതിനുശേഷമാണ് ശരിയായ ദുരിതം തുടങ്ങിയതെന്ന് കടയുടമസ്ഥ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്ന കവികൾ, അതിൽ നിന്നു പിന്മാറുമെന്നു പറഞ്ഞുവെന്നും അവർ പറഞ്ഞു.

ഒരു കുപ്രസിദ്ധ ബ്ലോഗ് അവർക്കെതിരേയും കുടുംബാംഗങ്ങൾക്കെതിരേയും വധഭീഷണി മുഴക്കി എന്ന് കടയുടമസ്ഥ പറയുന്നു. ആ ബ്ലോഗ് അതിർത്തിയ്ക്കപ്പുറത്തുനിന്നുള്ള ഒരാളുടേതാണ്. പോലീസ് അന്വേഷണം നടത്തി അതു സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങനെ ചർച്ചയിലേക്ക് പാക്കിസ്ഥാനും എത്തിച്ചേർന്നു.

ഇന്ത്യയും പാക്കിസ്ഥാനും വന്നിട്ടും സംഭവം അവസാനിച്ചില്ല. എങ്ങനെയാണ് ഒരാൾ, മോശം വാക്കുകൾ പറയുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത ശേഷം, ഇരയാണെന്ന മട്ടിൽ പെരുമാറാൻ കഴിയുന്നതെന്ന്, ചോദ്യം ചോദിച്ച പെൺകുട്ടി സാമൂഹിക മാധ്യമത്തിൽ എഴുതി. ഒരു സ്ക്രീൻഷോട്ടും തിരുത്തിയിട്ടില്ലെന്നും, വില ചോദിച്ചതിന് ഉത്തരമായി പറഞ്ഞ “ഈ ചോദ്യം ചോദിക്കുന്നതിനു പകരം ഭിക്ഷയെടുക്കുന്നതാണു നീ ചെയ്യേണ്ടത്” എന്ന സംഭാഷണം എടുത്തുപറയുക മാത്രമാണ് താൻ ചെയ്തതെന്ന് ആ കുട്ടി മറുപടി പറയുകയും ചെയ്തു.

ഇരുപക്ഷവും വീണ്ടും പഴയിടത്തുതന്നെ എത്തിച്ചേർന്നിരിക്കുന്നു. ചർച്ച തുടർന്നുകൊണ്ടിരിക്കുന്നു. ഒരു ചെറിയ ക്ഷമാപണം കൊണ്ട്, ചായ് ജായ് ലെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയേയും പാക്കിസ്ഥാനേയും ഒഴിവാക്കാമായിരുന്നു. പക്ഷെ, ഇതു കാശ്മീർ ആണ്.

“എന്നെ സംബന്ധിച്ചിടത്തോളം, ഒരു സ്ത്രീയെന്ന് നിലയിൽ തുല്യതയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകളുമില്ല,” എന്നാണ് കടയുടമസ്ഥയുടെ അഭിപ്രായം. തുല്യതയ്ക്കു വേണ്ടി പോരാടുന്നു എന്നാണ് അവർ പറയാറുള്ളത്. പക്ഷെ, ഇവിടെ അവർ, അവരുടെ അഭിപ്രായത്തിന്റെ കാര്യത്തിലും, ആ സംഭവം ഒരു ക്ഷമാ‍പണം നടത്തി അവസാനിപ്പിക്കാൻ ധൈര്യം കാണിക്കാൻ തയ്യാറല്ലാത്തതിലൂടെയും, ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ഉടമസ്ഥയുടെ ഭാഗത്തുനിന്നുള്ള ഒരു ക്ഷമാപണം ചായ് ജായ് റെസ്റ്റോറന്റിന് അതിന്റെ മഹിമ നിലനിർത്താൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *