Sat. Apr 20th, 2024
തഞ്ചാവൂർ:

 

ചോളവംശത്തിന്റെ ചക്രവർത്തി ആയിരുന്ന രാജ രാജ ചോളനെതിരെ അഭിപ്രായം പ്രകടിപ്പിച്ചതിന്, ഹിന്ദു മക്കൾ കക്ഷി നേതാവ് കൊടുത്ത പരാതിയിൽ തമിഴ് ചലച്ചിത്ര സംവിധായകൻ പാ. രഞ്ജിത്തിന്റെ പേരിൽ കേസെടുത്തു. രാജ രാജ ചോളന്റെ കാലഘട്ടം ചരിത്രത്തിലെ ഒരു ഇരുണ്ടകാലം ആണെന്ന് പറഞ്ഞതിനാണു കേസ്.

മദ്രാസ്, കബാലി, കാല എന്നീ സിനിമകളുടെ സംവിധായകനായ രഞ്ജിത്, ജൂൺ 5 ന് കുംഭകോണത്തിനടുത്തുള്ള തിരുപ്പാനന്തലിൽ, ദളിതർക്കായി പ്രവർത്തിക്കുന്ന നീല പുലിഗൾ ഇയക്കം എന്ന സംഘടനയുടെ നേതാവായിരുന്ന ഉമർ ഫാറൂഖിന്റെ അനുസ്മരണച്ചടങ്ങിൽ വെച്ചാണ് വിവാദപരാമർശമായ അഭിപ്രായം പ്രകടിപ്പിച്ചത്. രഞ്ജിത്തും ആ സംഘടനയിൽ അംഗമാണ്.

രാജരാജചോളന്റെ ഭരണകാലത്ത് ദളിതരിൽ നിന്നും ഭൂമി കൈവശപ്പെടുത്തിയിരുന്നു എന്നായിരുന്നു രഞ്ജിത് പറഞ്ഞത്. ദളിതരെ അടിച്ചമർത്തുന്നത് ആ കാലഘട്ടത്തിലാണ് തുടങ്ങിയതെന്നും ദേവദാസി സമ്പ്രദായം നിലനിന്നിരുവെന്നും രഞ്ജിത് പറഞ്ഞിരുന്നു.

തിങ്കളാഴ്ചയാണ് ഹിന്ദു മക്കൾ കക്ഷി നേതാവായ കാ. ബാല തഞ്ചാവൂർ എസ്. പിയ്ക്കു പരാതി നൽകുന്നത്. രഞ്ജിത്തിന്റെ പ്രസംഗം ജാതീയമായ വേർതിരിവുകൾ ഉണ്ടാക്കുമെന്നും, രാജ്യത്തിന്റെ അഖണ്ഡത നശിക്കുമെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *