Sun. Nov 17th, 2024

ആറ്റിങ്ങൽ:

ആറ്റിങ്ങല്‍ മേഖലയില്‍, വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ എം.എസ്.അഭിരാമിയെയാണ് വഴിയിലിറക്കിവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കായികതാരമായ അഭിരാമി സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠനവും കായികപരിശീലനവും നടത്തുന്നത്.

സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടതിനെത്തുടര്‍ന്ന് ഒരുമണിക്ക് വെഞ്ഞാറമൂട്ടില്‍നിന്ന് ആറ്റിങ്ങലിലേക്കു വരാനായി അശ്വനി എന്ന സ്വകാര്യബസ്സിലാണ് അഭിരാമി കയറിയത്. കണ്‍സഷന്‍ നിരക്കായ മൂന്നുരൂപയാണ് അഭിരാമി നല്കിയത്. യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ കണ്‍സഷന്‍ നല്കാനാവില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ എട്ടുരൂപ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ പ്രവേശനം കിട്ടിയതെന്നും യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും കണ്ടക്ടര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തന്റെ കൈവശം കൂടുതല്‍ പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കുട്ടിക്ക് കണ്‍സഷന്‍ നല്കാന്‍ തയ്യാറായില്ല. മൂന്നുരൂപ വാങ്ങിയ കണ്ടക്ടര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അധിക്ഷേപിക്കുകയും വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *