ന്യൂദൽഹി:
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി മിഷൻ ശക്തി പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം ചേർത്ത് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്ക് അനുമതി നൽകിയതിന്റെ പ്രത്യേക കാരണമെന്തെന്ന് അറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ടെന്നും യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ വ്യക്തമാക്കി.
ബി.ജെ.പിയുടെ മുങ്ങുന്ന കപ്പൽ രക്ഷിക്കാൻ ശാസ്ത്രജ്ഞരുടെ നേട്ടം മോദി ഉപയോഗിച്ചെന്നായിരുന്നു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ആക്ഷേപം. തൊഴിലില്ലായ്മ, ഗ്രാമീണമേഖലയിലെ പ്രതിസന്ധികൾ, സ്ത്രീസുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാൻ ആകാശത്തേക്ക് വിരൽ ചൂണ്ടുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി.
സാധാരണഗതിയില്‍ ഡി. ആര്‍. ഡി. ഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.പ്രതിപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി. പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചതായാണ് വിവരം. വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്.
ബുധനാഴ്ച്ച രാവിലെയോടെയാണ് നിര്‍ണായക വിവരം അറിയിക്കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന പ്രധാനമന്ത്രിയുടെ അറിയിപ്പ് ട്വിറ്ററിലൂടെ വന്നത്. ഇതോടെ രാജ്യമാകെ ആകാംക്ഷ നിറഞ്ഞു. പിന്നാലെയാണ് ബഹിരാകാശത്തെ ലക്ഷ്യത്തെ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തെന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച എ സാറ്റ് മിസൈലാണ് ഇന്ത്യ വിക്ഷേപിച്ചത്. മിഷന്‍ ശക്തി എന്നാണ് പദ്ധതിയുടെ പേര്. അതെസമയം മോദി ഇന്ന് പ്രഖ്യാപിച്ച പദ്ധതി 2010ൽ യുപിഎ കാലത്ത് തുടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
അതെ സമയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പു കാലത്ത് നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.