Fri. Mar 29th, 2024

മലയാളികളെ കുടു കുടെ ചിരിപ്പിച്ച മലയാളത്തിലെ ആദ്യ വെബ് സീരീസ് “തേരാ പാര” കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചു. ലോലൻ, ശംഭു, ജോർജ്, ഷിബു എന്നീ നാലു ചെറുപ്പക്കാരുടെ മണ്ടത്തരങ്ങളും അക്കിടികളും കൊണ്ട് മലയാളികളെ മുഴുവൻ കയ്യിലെടുത്ത വെബ് സീരീസ് ആണ് തേരാ പാരാ. കരിക്ക് എന്ന യൂട്യൂബ് ചാനലിലാണ് ഈ വെബ് സീരീസ് അപ്‌ലോഡ് ചെയ്യുന്നത്. ഒരു ശതമാനം പോലും വെറുപ്പിക്കലില്ലാത്ത ഈ സീരിസിന് ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്. ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒന്നര മില്യൺ കവിഞ്ഞു. പത്തു മിനുട്ടിൽ താഴെയുള്ള ഇരുപത് എപ്പിസോഡുകളിലൂടെയാണ് “തേരാ പാര” പ്രക്ഷേപണം ചെയ്തിരിക്കുന്നത്. 2018 ജൂലൈയിൽ ആരംഭിച്ച ഈ സീരീസ് യൂട്യുബിലും മാറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായി മാറി.

ബി.ടെക് കഴിഞ്ഞു ജോലിയില്ലാതെ തേരാ പാരാ നടക്കുന്ന മൂന്നു ചെറുപ്പക്കാരും, പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള കുലുക്കി സർബത്തടിച്ച് ഈ മൂന്നു പേർക്കും ചെലവിന് കൊടുക്കുന്ന മറ്റൊരു യുവാവുമാണ് കഥയിലെ ലോലനും, ശംഭുവും, ജോർജും, ഷിബുവും. ഇതിന്റെ ആശയവും, സംവിധാനവും നിഖിൽ പ്രസാദ് എന്ന ചെറുപ്പക്കാരനാണ്. എന്നാൽ ഈ സീരീസിന് സ്ക്രിപ്റ്റ് ഇല്ല. ആശയം മാത്രം നൽകുകയും അതിൽ നിന്ന് ഡയലോഗുകൾ അഭിനേതാക്കൾ തന്നെ പറയുകയാണ്. തന്മയത്വം ചോർന്നു പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സംവിധായകൻ പറയുന്നു. ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ തെരെഞ്ഞെടുത്തത്. അശ്‌ളീല തമാശകളോ, മറ്റു ദ്വയാർത്ഥ പ്രയോഗങ്ങളോ ഇതിൽ കാണാൻ സാധിക്കില്ല.

മലയാളികളുടെ നിത്യ ജീവിതത്തിലെ സംഭവങ്ങളെ നർമത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന മറ്റു വിഡിയോകളും ഈ ചാനൽ പുറത്തിറക്കാറുണ്ട്. കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് മാത്യൂസ്, ബിനോയ്, അര്‍ജുന്‍, ജീവന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *