Fri. Apr 26th, 2024

ന്യൂസിലാൻഡിനെതിരെ നടന്ന മൂന്നാം ട്വെന്റി-20 മത്സരത്തിൽ ഇന്ത്യക്കു 4 റൺസിന്റെ തോൽവി. ആവേശം വാനോളമുയർത്തിയ മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 212 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്ന ഇന്ത്യയ്ക്കു നിശ്ചിത 20 ഓവറിൽ 208 റൺസ് എടുക്കാൻ കഴിഞ്ഞുള്ളു. നേരത്തെ ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിന് അയയ്ക്കപ്പെട്ട ന്യൂസിലാൻഡ് ബാറ്റ്‌സ്‌മാൻമാർ ഇന്ത്യൻ ബൗളർമാരെ അടിച്ചു തകർക്കുകയായിരുന്നു. നാലു ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുൽദീപിനൊഴികെ ബാക്കി എല്ലാ ഇന്ത്യൻ ബൗളർമാർക്കും പൊതിരെ തല്ലു കിട്ടി.

ന്യൂസിലാൻഡിന് സെയ്‌ഫേര്‍ട്ടും മണ്‍റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 7.4 ഓവറില്‍ 80 റണ്‍സ് അടിച്ചെടുത്തു. സെയ്‌ഫേര്‍ട്ട് 25 പന്തില്‍ 43 റണ്‍സ് അടിച്ചപ്പോള്‍ 40 പന്തില്‍ 72 റണ്‍സായിരുന്നു മണ്‍റോയുടെ സമ്പാദ്യം. ഇന്ത്യയുടെ ബൗളർമാർ ഫോമിൽ അല്ലാതിരുന്നതും, നിർണ്ണായക ക്യാച്ചുകൾ വിട്ടുകളഞ്ഞ ഫീൽഡിങ്ങിലെ പിഴവുകളുമായിരുന്നു കിവീസിന് കൂറ്റൻ സ്കോർ നേടാൻ സഹായകമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ശിഖർ ധവാൻ ആദ്യ ഓവറിൽ തന്നെ പുറത്തായി. തുടർന്ന് വിജയ്‌ശങ്കറെ കൂട്ട് പിടിച്ചു ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഇരുവരും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഒടുവിൽ സാന്റ്നറിനെ ഗാലറിയിലെത്തിക്കാനുള്ള ശ്രമത്തിൽ ഗ്രാൻ‍ഡ്ഹോമിന് ക്യാച്ച് സമ്മാനിച്ച് വിജയ് ശങ്കർ പുറത്തായി. 28 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43 റൺസായിരുന്നു വിജയ്‌ശങ്കർ നേടിയത്. തുടർന്നു വന്ന ഋഷഭ് പന്ത് 12 പന്തിൽ 28 റൺസും, ഹാർദിക് പാണ്ഡ്യ 11 പന്തിൽ നിന്ന് 21 റൺസും എടുത്തു പുറത്തായി. രോഹിത് ശർമ്മ 32 പന്തിൽ 38 റൺസ് നേടിയപ്പോൾ വെറും രണ്ടു റൺസ്മു നേടിയ മുൻ നായകൻ ധോണി വീണ്ടും നിരാശപ്പെടുത്തി.

പക്ഷെ അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേശ് കാർത്തിക്കും, ക്രുനാൽ പാണ്ഡ്യയും കൂടി മത്സരം ഫോട്ടോ ഫിനിഷിലേക്കു കൊണ്ടുവന്നു. അവസാന ഓവറിൽ ജയിക്കാൻ ഇന്ത്യക്കു 16 റൺസ് വേണമായിരുന്നു. പക്ഷെ പരിചയസമ്പന്നനായ ടിം സൗത്തി എറിഞ്ഞ ഓവറിൽ ഇന്ത്യക്കു 11 റൺസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവസാനപന്തിൽ കാർത്തിക് സിക്സർ പറത്തിയെങ്കിലും ജയം കൈവിട്ടു പോയിരുന്നു.
അതോടെ ഏകദിന പരമ്പര കൈവിട്ട ന്യുസീലൻഡ് 2 -1 നു ട്വെന്റി-20 പരമ്പര സ്വന്തമാക്കി.

ന്യൂസിലാൻഡിന്റെ കോളിൻ മൺറോ മാന് ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ടിം സെയ്‌ഫേര്‍ട്ട് ആണ് പരമ്പരയുടെ താരം.

Leave a Reply

Your email address will not be published. Required fields are marked *