Sat. Apr 27th, 2024
കോട്ടയം:

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചതായി ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്‌നലോേഗ്രഷ്യസ്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള ലൈംഗിക പീഡനക്കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ കുറവിലങ്ങാട് മഠത്തില്‍തന്നെ ഇവര്‍ക്ക് തുടരാം. തന്റെ അനുമതിയില്ലാതെ ഇനി ഒരു ഉത്തരവും ഇവര്‍ക്കെതിരേ പുറപ്പെടുവിക്കരുതെന്ന നിര്‍ദ്ദേശവും മദര്‍ ജനറലിന് ബിഷപ്പ് നല്‍കി.

സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ പങ്കെടുത്തുള്ള കണ്‍വെന്‍ഷന്‍ കോട്ടയത്ത് ശനിയാഴ്ച ചേരുന്നതിനു മുമ്പാണ് ബിഷപ്പിന്റെ ഉത്തരവെത്തിയത്. സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു.

സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും, സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്കും, മാറ്റിയാണ് മദര്‍ ജനറല്‍ നേരത്തേ ഉത്തരവിറക്കിയിരുന്നത്. സിസ്റ്റര്‍ നീനാ റോസ്, ജോസഫിന്‍ എന്നിവരോട് വിവിധ മഠങ്ങളിലേക്ക് മാറാനും നിര്‍ദ്ദേശം നല്‍കി. സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നും, ബിഷപ്പ് പദവിയില്‍നിന്ന് ഫ്രാങ്കോയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എസ്.ഒ.എസ്. ശനിയാഴ്ച ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ നടത്തിയത്.

അതേ സമയം മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം. സ്ഥലംമാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധര്‍ രൂപത അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകൾക്കു ലഭിച്ചതിനു പിന്നാലെയാണിത്. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപത അധ്യക്ഷന്‍ ഇടപെടാറില്ലെന്നും പി.ആര്‍.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *