Fri. Apr 26th, 2024
വെനസ്വേല

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രസിഡന്റ് നിക്കൊളാസ് മഡുറോ നിലപാടു കടുപ്പിച്ചതോടെ വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.

യു എസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി സ്വയം അവരോധിച്ച വാൻ ഗ്വിഡോയുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും, നേരിടാൻ, മഡുറോയെ അനുകൂലിക്കുന്ന സൈന്യം ബലം പ്രയോഗിക്കുകയും ചെയ്തതാണ് രാജ്യത്തു കലാപം പൊട്ടിപ്പുറപ്പെടാൻ കാരണം.

രാജ്യാന്തര തലത്തിൽ റഷ്യയ്ക്കു പുറമേ ചൈന, ഇറാൻ, സിറിയ, ക്യൂബ, തുർക്കി എന്നീ രാജ്യങ്ങളും മഡുറോയെയാണു പിന്തുണയ്ക്കുന്നത്. പക്ഷെ അമേരിക്ക, ബ്രിട്ടൻ, കാനഡ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്ക് പുറമെ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ലിമ’ ഗ്രൂപ്പിൽ, മെക്സിക്കോ ഒഴികെ ഒരു രാജ്യവും മഡുറോ വീണ്ടും പ്രസിഡന്റാകുന്നതിനെ അംഗീകരിക്കുന്നില്ല. ബ്രസീൽ, അർജന്റീന, ചിലെ, കൊളംബിയ, പെറു, കോസ്റ്ററിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഗയാന, പാനമ, പാരഗ്വായ്, സെന്റ് ലൂസിയ എന്നീ രാജ്യങ്ങളാണ് മഡുറോയ അംഗീകരിക്കില്ലെന്നും ഇനി സാമ്പത്തിക പിന്തുണ നൽകില്ലെന്നും പ്രഖ്യാപിച്ചത്.

അതിനിടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വാൻ ഗ്വിഡോ രാജ്യം വിടുന്നതു സുപ്രീം കോടതി വിലക്കി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിയ്ക്കുകയും ചെയ്തു. രാജ്യത്തെ സമാധാനാന്തരീക്ഷം തകർത്തുവെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതുവരെ ഗ്വിഡോ രാജ്യം വിടരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ പോരാട്ടം തുടരുമെന്ന് ഗ്വിഡോ പ്രതികരിച്ചു. തുടർന്ന്, വെനസ്വേലയിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുകയും, ഗ്വിഡോയെ ഉപദ്രവിക്കുകയും ചെയ്യുന്നവർ, ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷെ യു എസ് സൈനീക നീക്കത്തെ ലിമ സഖ്യം എതിർത്തു.

അമേരിക്ക വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടാല്‍ വൈറ്റ് ഹൗസ് കുരുതിക്കളമാകുമെന്നായിരുന്നു പ്രസിഡൻറ്​ നിക്കൊളാസ്​ മഡുറോയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും മോശം ഗൂഢാലോചനയാണ്. വെനസ്വേലയില്‍ ഇടപെടാനാണ് ട്രംപിന്റെ​​​ ശ്രമമെങ്കില്‍ അത് അപകടകരമായിരിക്കും. കൈയില്‍ രക്തക്കറ പുരണ്ടായിരിക്കും ട്രംപ്, വൈറ്റ് ഹൌസ് വിടുകയെന്നും അദ്ദേഹം മുന്നറിയിപ്പു​ നൽകി. വിയറ്റ്നാം ആവര്‍ത്തിക്കാനാണോ ട്രംപിന്റെ ശ്രമമെന്നും, ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ തുറന്നുകിടന്നിട്ടും, എന്തുകൊണ്ട് അമേരിക്ക അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും മഡുറോ ചോദിച്ചു.

ഇനി മഡുറോയുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്നും, പ്രതിപക്ഷ നേതാവ് വാൻ ഗ്വിഡോ പ്രസിഡണ്ട് ആകണം എന്നുമാണ് അമേരിക്കൻ നിലപാട്.

അതിനിടെ വെനസ്വേലയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ പെട്രൊലസ് ഡി വെനസ്വേലയ്ക്ക് (പിഡിവിഎസ്എ) യു എസ് ഉപരോധം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്തിന് 1100 കോടി ഡോളർ വരുമാന നഷ്ടമുണ്ടാക്കുന്നതാണ് ഈ ഉപരോധം. പി ഡി വി എസ് എയുമായുള്ള എല്ലാ ഇടപാടുകളും യു എസ് കമ്പനികൾ നിർത്തി. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *