Thu. Apr 25th, 2024

ബംഗളൂരു:

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു FC ക്കെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം ഒടുവില്‍ സമനില വഴങ്ങി വിലപ്പെട്ട പോയിന്റ് കേരള ബ്ലാസ്‌റ്റേഴ്സ് കളഞ്ഞുകുളിച്ചു. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. പക്ഷെ ആദ്യപകുതിയിലെ മിന്നൽത്തുടക്കം 2 –ാം പകുതിയിൽ നിലനിർത്താൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.

16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്. വലതു വിങ്ങില്‍ നിന്ന് മുഹമ്മദ് റാക്കിപ് നല്‍കിയ ക്രോസ് ഒഴിവാക്കാനുള്ള കീന്‍ ലൂയിസിന്റെ ശ്രമത്തിനിടെ പന്ത് കയ്യിൽ കൊണ്ടതാണ് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കാൻ കാരണം. കിക്കെടുത്ത സ്റ്റോയനോവിച്ചു പന്ത് അനായാസം ബംഗളൂരു വലയിലാക്കി.

40-ാം മിനിറ്റില്‍ പന്തുമായി വലതു വിങ്ങിലൂടെ കുതിച്ചുകയറിയ ഡുംഗല്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് കറേജ് പെക്കൂസൻ സുന്ദരമായ ലോങ്ങ് റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിക്കുന്ന മറ്റൊരു ബാംഗ്ളൂരിനെയാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബെംഗളൂരു ഏതുനിമിഷവും ഗോളടിക്കുമെന്ന പ്രതീതിയായിരുന്നു. 54-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഗോള്‍ കീപ്പര്‍ ധീരജ് സിങ് തകര്‍പ്പന്‍ സേവിലൂടെ കുത്തിയകറ്റി. 69 -ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ പാസിൽ നിന്നും മിന്നും ഹെഡ്ഡറിലൂടെ ഉദാന്ത സിങ് ബംഗളുരുവിന്റെ ആദ്യ ഗോൾ നേടി.

85-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു പട്ടിക പൂർത്തിയാക്കി. അങ്ങനെ സീസണിലെ ആറു തോൽവികളുടെ ക്ഷീണം തീർക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് മോഹം ഒരിക്കൽ കൂടി പൂവണിഞ്ഞില്ല.
ഈ സീസണിൽ ഇതുവരെ ഒരേയൊരു ജയവും 8 സമനിലയുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
14 മത്സരങ്ങളില്‍ 31 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫെബ്രുവരി 15 നു ലീഗിൽ അവസാന സ്ഥാനത്തുള്ള ചെന്നെയിൻ FC യുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *