Sat. Apr 27th, 2024

വെല്ലിംഗ്‌ടൺ:

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച വെല്ലിംഗ്‌ടണില്‍ നടക്കും.

ഓസ്‌ട്രേലിയയിൽ പരമ്പര നേടിയ മിന്നുന്ന പ്രകടനം ന്യൂസിലാൻഡിൽ ആവർത്തിച്ച്, അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരം, ആധികാരികമായി വിജയിച്ചു ഇന്ത്യ നേടിയിരുന്നു. എങ്കിലും നാലാം മത്സരത്തിൽ ഇന്ത്യയെ വെറും 92 റൺസിന്‌ പുറത്താക്കി ന്യൂസീലൻഡ് ഇന്ത്യയെ നാണം കെടുത്തിയിരുന്നു.

അതോടെ ശേഷിച്ച അഞ്ചാമത്തെ മത്സരം വിജയിച്ചു മെയ് മാസം നടക്കുന്ന ലോകകപ്പിന് മുന്നേ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകാനായിരിക്കും രോഹിത് ശർമ എന്ന “ഹിറ്റ് മാന്റെ” നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ നീലപ്പട ശ്രമിക്കുക.

നാലാം ഏകദിനത്തിൽ ഞെട്ടിക്കുന്ന തോൽവിയായിരുന്നു ഇന്ത്യ നേരിട്ടത്. ആദ്യ മൂന്നു കളികളിലെ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ എതിരാളികളെ വില കുറച്ചു കണ്ടതാണ് ഇന്ത്യക്കു തിരിച്ചടിയായത്. വിശ്രമം അനുവദിക്കപ്പെട്ട ക്യാപ്റ്റൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്കു മൂലം മൂന്നും നാലും ഏകദിനങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണിയും കളിച്ചിരുന്നില്ല. ടീമിനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തിയ ധോണി അവസാന മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ദിനേഷ് കാര്‍ത്തികിനായിരിക്കും ഇതോടെ സ്ഥാനം നഷ്ടമായേക്കുക.

അവസാനമായി വെല്ലിംഗ്‌ടണില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യയെ 87 റണ്‍സിന് കിവീസ് കെട്ടുകെട്ടിച്ചിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ 303 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു അന്ന് 216 റൺസ് എടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ. എന്നിരുന്നാലും സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കു തന്നെയാണ് മുൻ‌തൂക്കം.

പുതിയതായി ടീമിൽ ഇടം നേടിയ ശുഭ്മാന്‍ ഗില്ലിനു കഴിവ് തെളിയിക്കാൻ കൂടിയുള്ള മത്സരം ആയിരിക്കും നാളെ നടക്കുക.

ടീം അംഗങ്ങൾ:

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് / യുസ് വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി / ഭുവനേശ്വര്‍ കുമാര്‍.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ലാതം, മിച്ചെല്‍ സാന്റ്‌നര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ടോഡ് ആസില്‍, ജെയിംസ് നീഷാം, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്.

Leave a Reply

Your email address will not be published. Required fields are marked *